‘ശരിയായ നടപടിയല്ല, കെട്ടിടം ഒഴിയാൻ മാർച്ച് 31 വരെ കാലാവധി ഉണ്ട്’; പിന്നിൽ രാഷ്ട്രീയ നീക്കമെന്നും വി.കെ. പ്രശാന്ത് എം.എൽ.എ

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം.എൽ.എ ഓഫിസ് ഒഴിയണമെന്ന് ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ ആവശ്യപ്പെട്ടത് സാമാന്യനീതിയുടെ ലംഘനമെന്ന് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത്. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫിസ് ഫോണിൽ വിളിച്ച് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല. കോർപറേഷൻ നിശ്ചയിച്ച വാടകനൽകിയാണ് എം.എൽ.എ ഓഫിസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ടെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഏഴു വർഷമായിട്ട് അവിടെ എം.എൽ.എ ഓഫിസ് പ്രവർത്തിക്കുകയാണ്, ഒപ്പം തന്നെ കൗൺസിലർ ഓഫിസും അവിടെ പ്രവർത്തിക്കുന്നുണ്ട്. അവർക്കൊന്നും പരാതി ഇല്ലായിരുന്നു. ഇപ്പോൾ വന്നിട്ടുള്ള കൗൺസിലറാണ് എം.എൽ.എ മാറിയാലേ സൗകര്യം ഉണ്ടാവു എന്ന് പറഞ്ഞുകൊണ്ട് ഇന്നലെ വിളിച്ചത്. ഇതൊരു ശരിയായ രീതിയല്ല. ഇത് ഒരു ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ച ഒരു കാര്യമല്ല. വാടകക്കരാർ തീരുന്ന മാർച്ച് 31വരെ ഓഫിസ് ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള അവകാശമുണ്ട്.

എം.എൽ.എ ഓഫിസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണം. അതിനുശേഷം നഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത്. പിന്നിൽ രാഷ്ട്രീയ നീക്കമാണെന്നും പ്രശാന്ത് പ്രതികരിച്ചു. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് കെട്ടിടം ഒഴിയണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. കൗണ്‍സിൽ തീരുമാന പ്രകാരമാണ് പ്രശാന്തിന്‍റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ ബി.ജെ.പിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എം.എൽ.എക്ക് ഓഫിസ് ഒഴിയേണ്ടി വരും.

കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫിസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപറേഷന്‍റെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ മറ്റു കെട്ടിടങ്ങൾ വാടകക്ക് എടുക്കാം. എം.എൽ.എയോട് ഓഫിസ് ഒഴിയാൻ ആവശ്യപ്പെട്ടത് സംബന്ധിച്ച് ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

Tags:    
News Summary - This is not the right move, it is a political move - V.K. Prashanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.