തിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷനിൽ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടവർക്ക് ഹിയറിങ്ങിന് ഹജരാകാൻ ഏഴ് ദിവസം മുൻപേ നോട്ടിസ് നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) രത്തൻ യു.ഖേൽക്കർ. 19 ലക്ഷം പേരെയാണ് കൃത്യമായി കണ്ടെത്താനാകാത്തതെന്നും ഇവർക്കെല്ലാം ഹിയിറിങ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. എന്യൂമറേഷൻ ഘട്ടത്തിൽ രേഖകളോ വിവരങ്ങളോ നൽകാത്തവർ ഇപ്പോൾ രേഖകൾ നൽകിയാൽ ഹിയറിങ് വേണ്ടി വരില്ല.
ഒരാളെ ഹിയറിങ്ങിന് വിളിക്കണോ വേണ്ടയോ എന്നതിലെ വിവേചനാധികാരം അതത് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആർ.ഒമാർക്കാണ്. നോട്ടിസിലും ഹിയറിങ്ങിനും ഇടയിൽ ഏഴു ദിവസം സമയമുണ്ട്. ഈ സമയപരിധിയിൽ മതിയായ രേഖകൾ സമാഹരിക്കാൻ വോട്ടർമാരോട് ബി.എൽ.ഒമാർ ആവശ്യപ്പെടും.
എല്ലാ രേഖകളും കൈവശമുണ്ടെങ്കിൽ മൂന്ന് മിനുട്ടേ ഹിയറിങ്ങിന് വേണ്ടി വരൂ. ഒരാൾക്ക് വേണ്ടത് പരമാവധി അഞ്ച് മിനിറ്റ്. ഒരു ദിവസം 100 പേരെ ഹിയറിങ് നടത്തിയാൽ തന്നെ പ്രതിദിനം ഒരു ലക്ഷം പേരുടെ നടപടികൾ പൂർത്തിയാക്കാം.
ഒരു മാസത്തിനകം ഈ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാകും. 15 ദിവസം കൂടി അധികം എടുത്താലും വലിയ സമ്മർദം ഉണ്ടാകില്ല. കരടു പട്ടികയിലുൾപ്പെട്ടവരും എന്നാൽ മതിയായ രേഖകളില്ലാത്താവരുമായ വോട്ടർമാരെ പരമാവധി സഹായിക്കണമെന്ന നിർദേശമാണ് കലക്ടർമാർക്ക് നൽകിയത്. എല്ലാ വില്ലേജുകളിലും രേഖകൾ നേടിയെടുക്കാൻ സൗകര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി രേഖകളുടെ അഭാവത്തിൽ ഒരാളെ പുറത്താക്കേണ്ട സാഹചര്യമുണ്ടായാൽ, 100 ശതമാനവും അനർഹനാണ് എന്ന് ഉറപ്പുവരുത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്നാണ് നിർദേശം.
കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ ഉൾപ്പെട്ട ഒരാളെ കണ്ടെത്തുന്ന പക്ഷം, രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ പേര് വിവരങ്ങൾ കമീഷന് കൈമാറാം. മാത്രമല്ല, നിയമപ്രകാരം അവരെ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കും.
കരട് പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഫോം 6 ഉം ഡിക്ലറേഷൻ ഫോമും ഇവർ സമർപ്പിക്കണം. ഇവർക്ക് ഹിയറിങ് ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.