‘മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി...’, താമരയിൽ കൈപ്പത്തിയും; കോൺഗ്രസിനെ പരിഹസിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ബോർഡ്

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ അംഗങ്ങൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയ സംഭവത്തിൽ കോൺഗ്രസിനെ പരിഹസിച്ച് പഞ്ചായത്ത് ഓഫിസിനുമുന്നിൽ ബോർഡ്. ‘മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി’ എന്ന അടിക്കുറിപ്പോടെ താമരയും കൈപ്പത്തിയും ചേർന്നുള്ള ചിത്രവും ഉൾപ്പെടുത്തി ഡി.വൈ.എഫ്.ഐ മറ്റത്തൂർ മേഖല കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.

പാർട്ടിയെ പിടിച്ചുകുലുക്കിയ മറ്റത്തൂരിലെ കൂടുമാറ്റത്തിൽ പ്രതിഷേധം ശക്തമായതോടെ അംഗങ്ങളടക്കം പത്ത് പേരെ കോൺഗ്രസ് പുറത്താക്കിയിരുന്നു. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ, മിനി, കെ.ആര്‍. ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് പുറത്താക്കിയത്. വെള്ളിയാഴ്ച രാത്രി വരെ യു.ഡി.എഫിലായിരുന്ന എട്ട് കോൺഗ്രസ് പഞ്ചായത്തംഗങ്ങളാണ് നേതൃത്വത്തെ ഞെട്ടിച്ച് ശനിയാഴ്ച രാവിലെ പാർട്ടി വിടുന്നതായി കത്തിലൂടെ അറിയിച്ചത്.

പാർട്ടി വിട്ട എട്ട് അംഗങ്ങളും കോൺഗ്രസ് വിമതയും ബി.ജെ.പിയും ഒത്തുചേർന്നതോടെ സ്വതന്ത്രയായ ടെസി ജോസ് കല്ലറയ്‌ക്കൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 24 വാർഡുകളിൽ എൽ.ഡി.എഫ് -പത്ത്, യു.ഡി.എഫ് -എട്ട്, ബി.ജെ.പി -നാല്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസ് അംഗങ്ങൾ പാർട്ടി വിട്ടതോടെ എൽ.ഡി.എഫിന് സ്വതന്ത്രന്റെയടക്കം 11 പേരുടെയും എതിർ പക്ഷത്തിന് 13 പേരുടെയും പിന്തുണയായി.

സ്വതന്ത്രനായ കെ.ആർ. ഔസേഫിനെയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. യു.ഡി.എഫിന്റെ എട്ട് അംഗങ്ങൾക്ക് പുറമെ ബി.ജെ.പിയുടെ മൂന്ന് പേരുടെയും കൂടി പിന്തുണയോടെ 12 വോട്ട് നേടി ടെസി പ്രസിഡന്റായി. കെ.ആർ. ഔസേഫിന് 11 വോട്ട് ലഭിച്ചു. ഒരു ബി.ജെ.പി അംഗത്തിന്റെ വോട്ട് അസാധുവായി. വൈസ് പ്രസിഡന്റായി നൂര്‍ജഹാന്‍ നവാസ് എല്‍.ഡി.എഫിലെ ബിന്ദു മനോജ്കുമാറിനെ പരാജയപ്പെടുത്തി. നൂര്‍ജഹാന് ബി.ജെ.പി അംഗങ്ങളുടേതടക്കം 13 വോട്ടും ബിന്ദുവിന് 10 വോട്ടും ലഭിച്ചു. എല്‍.ഡി.എഫ് പക്ഷത്തെ ഒരു വോട്ട് അസാധുവായി.

എൽ.ഡി.എഫ് സ്വതന്ത്ര അംഗമായ ഔസേഫിനെ മുൻനിർത്തി ഭരണം നേടുെമന്ന സൂചന വന്നതോടെയാണ് ബി.ജെ.പിയെ കൂട്ടുപിടിച്ച് യു.ഡി.എഫ് അംഗങ്ങൾ ഭരണത്തിന് ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി നടന്ന നീക്കങ്ങൾക്കൊടുവിലാണ് ടെസിയെ പ്രസിഡന്റും നൂർജഹാനെ ൈവസ് പ്രസിഡന്റുമായി നിശ്ചയിച്ചത്. ഇതിന് ചുക്കാൻ പിടിച്ചെന്ന് ആരോപിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപ്പറമ്പിൽ എന്നിവരെ കെ.പി.സി.സി പ്രസിഡന്റ് സസ്പെൻഡ് ചെയ്തു.

Tags:    
News Summary - Board in front of the Mattathur Panchayat office mocking the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.