പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ് തന്റെ സ്റ്റേഷനറി കടയിൽ

ഉപജീവനത്തിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പഞ്ചായത്ത്‌ പ്രസിഡന്റ്...

പത്തനാപുരം: 'ഷീജാ.. ഒരു കവർ പാല്, അര കിലോ പഞ്ചസാരയും കൂടെ...' ഇന്നലത്തെ ബാക്കി തന്നിട്ടില്ലെന്ന് ഷീജയും. ഉപജീവന മാർഗമെന്നോണം നടത്തിവരുന്ന 'ഫാത്തിമ സ്റ്റോഴ്സിൽ'നിന്നും പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെ അമരക്കാരിയായി എത്തുകയാണ് മൂലക്കട വെസ്റ്റ് വാർഡിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ഷീജ ഷാനവാസ്.

2010 മുതൽ 2015 വരെ മൂലക്കട വാർഡിനെ പ്രതിനിധീകരിച്ചു. 2020 മുതൽ 2025 വരെ കുണ്ടയം ബ്ലോക്ക്‌ ഡിവിഷനിൽ നിന്നും മെംബറായി. രണ്ടു പെൺമക്കളുടെ അമ്മയായ ഷീജ, ഭർത്താവ് ഷാനവാസിന് തന്റെ വൃക്ക പകുത്തു നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

വീടിന് സമീപത്തായുള്ള സ്റ്റേഷനറി കടയിൽ നിന്നും അതിരാവിലെ ആരംഭിക്കുന്നതാണ് ഷീജയുടെ അധ്വാനം. ഇടക്ക് ഭർത്താവ് കടയിൽ എത്തുമ്പോൾ, ഷീജ വാർഡിൽ ഇറങ്ങും. അത്യാവശ്യം എല്ലായിടത്തും ഓടിയെത്തും. ഇതിനിടെ വീട്ടു ജോലിക്കും സമയം കണ്ടെത്തണം. അങ്ങനെയിരിക്കെയാണ് ഷീജയെ തേടി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പദം എത്തിച്ചേരുന്നതും.


ആദ്യ രണ്ടര വർഷക്കാലമാണ് ഷീജക്ക് പാർട്ടി നൽകിയ അവസരം. ജീവിതത്തോട് പടവെട്ടുന്നതിനിടെ കിട്ടിയ പ്രസിഡന്റ് പദം ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. കഴിഞ്ഞ ഭരണ സമിതി കാലത്ത് പൂർത്തിയായ ഷോപ്പിങ് മാളിന്റെ ബാധ്യത വലിയ വെല്ലുവിളി തന്നെ. ഓരോ മാസവും 25 ലക്ഷം രൂപ കെ.എഫ്.സി.ക്ക് പലിശ ഇനത്തിൽ അടക്കണം. ഇതാണ് പുതിയ ഭരണ സമിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കഴിഞ്ഞ 50 വർഷക്കാലം എൽ.ഡി.എഫ്. ഭരിച്ചിരുന്ന പഞ്ചായത്തിൽ ഒരു അതിജീവനത്തിന് കൂടി നെട്ടോട്ടമോടേണ്ടി വരും പുതിയ പഞ്ചായത്ത് പ്രസിഡന്‍റിന്. എല്ലാം ശുഭകരമാകുമെന്ന പ്രതീക്ഷയിൽ അടുക്കളയിൽനിന്നും അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് എത്തുമ്പോൾ ഷീജ ഷാനവാസിന് കൂടെയുള്ളവർ നൽകുന്ന പിന്തുണ അത്രമേൽ വിലപ്പെട്ടതാകും.

Tags:    
News Summary - pathanapuram panchayat president from stationery store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.