തൃശൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിയുമായി ചേർന്ന സംഭവത്തിൽ പത്ത് പേരെ കോൺഗ്രസ് പുറത്താക്കി. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ, മിനി, കെ.ആര്‍. ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് പുറത്താക്കിയത്. ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായ എ.എം. നീധിഷിനെയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് അറിയിച്ചു.
തൃശൂർ കോൺഗ്രസിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ് മറ്റത്തൂരിലെ കൂടുമാറ്റം. മറ്റത്തൂരിൽ പൊലീസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. സംഭവം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും വാർത്തയാകുകയും ചെയ്തിട്ടുണ്ട്.
എൽ.ഡി.എഫ് സ്വതന്ത്ര അംഗമായ ഔസേഫിനെ മുൻനിർത്തി ഭരണം നേടുമെന്ന സൂചന വന്നതോടെയാണ് ബി.ജെ.പിയെ കൂട്ടുപിടിച്ച് യു.ഡി.എഫ് അംഗങ്ങൾ ഭരണത്തിന് ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി വരെ യു.ഡി.എഫിലായിരുന്ന എട്ട് കോൺഗ്രസ് പഞ്ചായത്തംഗങ്ങളും ശനിയാഴ്ച രാവിലെ പാർട്ടി വിടുന്നതായി കത്തിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സംപൂജ്യരായി മാറി. പാർട്ടി വിട്ട എട്ട് അംഗങ്ങളും കോൺഗ്രസ് വിമതയും ബി.ജെ.പിയും ഒത്തുചേർന്ന് ഭരണം നേടി.
ആകെയുള്ള 24 വാർഡുകളിൽ എൽ.ഡി.എഫ് -പത്ത്, യു.ഡി.എഫ് -എട്ട്, ബി.ജെ.പി -നാല്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസ് അംഗങ്ങൾ പാർട്ടി വിട്ടതോടെ എൽ.ഡി.എഫിന് സ്വതന്ത്രന്റെയടക്കം 11 പേരുടെയും എതിർ പക്ഷത്തിന് 13 പേരുടെയും പിന്തുണയായി. സ്വതന്ത്രയായ ടെസി ജോസിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയായിരുന്നു കോൺഗ്രസ് അംഗങ്ങളുടെ കളംമാറ്റം. സ്വതന്ത്രനായ കെ.ആർ. ഔസേഫിനെയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. യു.ഡി.എഫിന്റെ എട്ട് അംഗങ്ങൾക്ക് പുറമെ ബി.ജെ.പിയുടെ മൂന്ന് പേരുടെയും കൂടി പിന്തുണയോടെ 12 വോട്ട് നേടി ടെസി പ്രസിഡന്റായി.കെ.ആർ. ഒൗസേഫിന് 11 വോട്ട് ലഭിച്ചു. ഒരു ബി.ജെ.പി അംഗത്തിന്റെ വോട്ട് അസാധുവായി. വൈസ് പ്രസിഡന്റായി നൂര്‍ജഹാന്‍ നവാസ് എല്‍.ഡി.എഫിലെ ബിന്ദു മനോജ്കുമാറിനെ പരാജയപ്പെടുത്തി. നൂര്ജഹാന് ബി.ജെ.പി അംഗങ്ങളുടേതടക്കം 13 വോട്ടും ബിന്ദുവിന് 10 വോട്ടും ലഭിച്ചു. എല്‍.ഡി.എഫ് പക്ഷത്തെ ഒരു വോട്ട് അസാധുവായി.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി നടന്ന നീക്കങ്ങൾക്കൊടുവിലാണ് ടെസിയെ പ്രസിഡന്റും നൂർജഹാനെ വൈസ് പ്രസിഡന്റുമായി നിശ്ചയിച്ചത്. ഇതിന് ചുക്കാൻ പിടിച്ചെന്ന് ആരോപിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപ്പറമ്പിൽ എന്നിവരെ കെ.പി.സി.സി പ്രസിഡന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.