തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ റിമാൻഡിലായി ജയിലിൽ കഴിയുന്ന ശബരിമല തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് തന്ത്രിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് പരിശോധനക്കായി എത്തിച്ചു. വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. തല കറക്കവും ക്ഷീണവുമാണ് രാവിലെ അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച നാലുമണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ശബരിമലയെ സംബന്ധിച്ച് താന്ത്രിക കാര്യങ്ങളിൽ അവസാന വാക്കായ തന്ത്രിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. തുടർന്ന് കൊല്ലം വിജിലൻസ് കോടതി തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അറസ്റ്റിന് ശേഷം വൈദ്യ പരിശാധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ശബരിമലയിൽ പോറ്റിയെ കേറ്റിയതും ശക്തനാക്കിയതും തന്ത്രി രാജീവര് ആയിരുന്നുവെന്നും തന്ത്രിയുടെ ആളാണെന്ന നിലയിലാണ് സന്നിധാനത്തും ദേവസ്വം ഉദ്യോഗസ്ഥർക്കിടയിലും ഉണ്ണികൃഷ്ണൻ പോറ്റി സ്വാധീനം ഉറപ്പിച്ചതെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറും അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. തന്ത്രിയുടെ അനുമതിയോടെയാണ് സ്വർണം പതിച്ച പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതെന്നും ദൈവതുല്യനായി കണ്ടവർ ചതിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പത്മകുമാർ എസ്.ഐ.ടിക്ക് മുന്നിൽ ആവർത്തിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ തന്ത്രിയെ ചോദ്യം ചെയ്തെങ്കിലും പത്മകുമാറിന്റെയും ഉദ്യോഗസ്ഥരുടെയും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
എന്നാൽ, പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കടത്താൻ അവസരമൊരുക്കിയത് തന്ത്രിയാണെന്ന് അന്വേഷണ സംഘം ഉറപ്പിക്കുകയായിരുന്നു. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. കള്ളപ്പണം തടയൽ നിയമ (പി.എം.എൽ.എ) പ്രകാരമുള്ള വകുപ്പുകൾ ചുമത്തി ഇ.ഡി കൊച്ചി യൂനിറ്റാണ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തത്. ഇ.ഡി ജോയന്റ് ഡയറക്ടറാകും കേസ് അന്വേഷിക്കുക.
കേസിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയ മുഴുവൻ പ്രതികളെയും ഇ.ഡിയുടെ ഇ.സി.ഐ.ആറിലും പ്രതികളാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, എൻ. വാസു, 2019ലെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മറ്റംഗങ്ങൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷിക്കുക. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയേക്കും. തുടർന്നാകും അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് നീങ്ങുക. എസ്.ഐ.ടി കേസിൽ ജാമ്യം ലഭിച്ചാലും പ്രതികളെ ഇ.ഡി കസ്റ്റഡിയിലെടുക്കാനാണ് സാധ്യത. കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാകും ഇ.ഡിയുടെ അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.