കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വർഗീയധ്രുവീകരണം ലക്ഷ്യമാക്കി ഉയർന്ന ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദത്തിൽ കേസ് പുനരന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് പ്രത്യേക സംഘത്തെ (എസ്.ഐ.ടി) ഉടൻ രൂപവത്കരിക്കും. ഇടതു സർക്കാറിന്റെ കാലത്ത് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച കേസാണ് സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ പുനരന്വേഷിക്കുന്നത്. എസ്.ഐ.ടി രൂപവത്കരിച്ച് കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കൽ അബ്ദുല്ല എം.എൽ.എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകിയിരുന്നു.
2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു വിവാദ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വടകര എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിലാണ് ‘കാഫിർ സ്ക്രീൻഷോട്ട്’ എന്ന പേരിൽ സന്ദേശം പ്രചരിപ്പിച്ചത്. ‘മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാർഥി... ആർക്കാണ് നമ്മൾ വോട്ട് ചെയ്യേണ്ടത്... നമ്മളിൽ പെട്ടവനല്ലേ... ചിന്തിച്ചു വോട്ട് ചെയ്യുക...’ എന്ന രീതിയിലായിരുന്നു സ്ക്രീൻഷോർട്ട് പ്രചരിച്ചത്. പി.കെ. മുഹമ്മദ് കാസിം എന്നയാൾ വാട്സ്ആപ്പിൽ അയച്ചെന്ന് വരുത്തിതീർത്താണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതു സംബന്ധിച്ച് പൊലീസിന് നൽകിയ പരാതിയിൽ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തിരുന്നു. എന്നാൽ, അന്വേഷണം ചെന്നെത്തിയത് ഡി.വൈ.എഫ്.ഐ നേതാവിലേക്കായിരുന്നു. ഇടത് സൈബർ ഗ്രൂപ്പുകളായ ‘പോരാളി ഷാജി’യുടെ അഡ്മിൻ, ‘അമ്പാടിമുക്ക് സാഖാക്കൾ’ പേജിന്റെ അഡ്മിൻ എന്നിവരും സന്ദേശം പ്രചരിപ്പിച്ചെന്ന് കണ്ടെത്തി. ഇവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടെങ്കിലും പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നതായി വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ സ്ക്രീൻഷോട്ട് ആര് സൃഷ്ടിച്ചുവെന്നത് കണ്ടെത്താൻ പൊലീസിനായില്ല. ഇതിന് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ചും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചില്ല. പുതിയ സാഹചര്യത്തിൽ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വീണ്ടും അപേക്ഷ നൽകി കേസിൽ തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം. സമാനമായ രീതിയിൽ, നിയമസഭ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ‘ഖൗമിന്റെ കുട്ടി’ വിവാദവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.