കൊല്ലപ്പെട്ട നിത്യ, പ്രതി നിഷാന്ത്
കത്തിക്കരിഞ്ഞ മൃതദേഹം തമിഴ്നാട് സ്വദേശിനിയുടേത്; നടന്നത് ക്രൂര കൊലപാതകം
ചെറുതോണി: കരിമണൽ പാമ്പ്ലയിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തമിഴ്നാട് ബോഡി നായ്ക്കന്നൂർ പരമശിവം കോവിൽ സ്ട്രീറ്റ് സ്വദേശിനി നിത്യയുടേതാണെന്ന് (18) തിരിച്ചറിഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ രാജകുമാരി ഖജനപാറ സ്വദേശി നിഷാന്തിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതി നിത്യയെ കഴുത്ത് ഞെരിച്ചും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാമ്പ്ലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ഇടുക്കി സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും മൂന്ന് ദിവസം മുൻപ് ബോഡിനായ്ക്കന്നൂരുള്ള വീട്ടിൽ നിന്നും കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെന്നുമുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.
തുടർന്ന് നിഷാന്തിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 11ന് പെൺകുട്ടിയെ നിശാന്ത് പൂപ്പാറയിലേക്കുവിളിച്ചു വരുത്തുകയായിരുന്നു. അവിടെയുള്ള ഏലത്തോട്ടത്തിലിരുന്നു ഇരുവരും സംസാരിച്ചു.
തുടർന്ന് വാക്കേറ്റമായി . ഇതിനിടെ പ്രതി നിത്യയെ പിടിച്ചു തള്ളി. താഴെ വീണ നിത്യയെ കൊലപ്പെടുത്തി പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. ഇയാളുടെ ഓട്ടോയിൽ മൂന്നു ലിറ്റർ പെട്രോൾ കരുതിയിട്ടുണ്ടായിരുന്നു. ഇതുവഴി കടന്നുപോയ യാത്രക്കാരാണ് മൃതദേഹം കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. അടിമാലി പൊലീസിന്റെ നേതൃത്വത്തിൽ ഇടുക്കി ഡി.വൈ.എസ്.പി മോഹൻ ദാസിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണംനടത്തുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.