കാഫിർ സ്ക്രീൻഷോട്ട് കേസ്; പോരാളി ഷാജി അഡ്മിൻ ഉൾപ്പെടെ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർകൂടി പ്രതികൾ
വടകര: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരെകൂടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രതിചേർത്തു. കാഫിർ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ ഷെയർചെയ്ത തൃശൂർ സ്വദേശിയും സി.പി.എം അനുകൂല സൈബർ ഗ്രൂപ്പായ പോരാളി ഷാജിയുടെ അഡ്മിനുമായ വഹാബ്, നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂർ സ്വദേശി അതുൽ പ്രസാദ് എന്നിവരെയാണ് പ്രതിചേർത്തത്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി മൂന്നുപേരെയും വിളിച്ചുവരുത്തി ചോദ്യംചെയ്ത് വിട്ടയച്ചു. ഇതുസംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്കരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി റിബേഷ് രാമകൃഷ്നാണ്. ഒന്നാംപ്രതി നിർമിച്ച കാഫിർ സ്ക്രീൻഷോട്ട് റെഡ് എൻകൗണ്ടർ എന്ന വാട്സ്ആപ് കൂട്ടായ്മയിൽ പോസ്റ്റുചെയ്തത് റിബേഷാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. പിന്നാലെ അമ്പാടിമുക്ക് സഖാക്കൾ ഉൾപ്പെടെ സി.പി.എം അനുകൂല ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയായിരുന്നു.
പ്രതികളിൽനിന്ന് എസ്.ഐ.ടി പിടിച്ചെടുത്ത് വിദഗ്ധ പരിശോധനക്ക് അയച്ച മൊബൈൽ ഫോണുകളിൽനിന്നുളള ശാസ്ത്രീയ പരിശോധന വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. മെറ്റയിൽനിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ സംഘത്തിന് കഴിഞ്ഞിട്ടില്ല. മെറ്റയിൽനിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ എസ്.ഐ.ടി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.