മാനവീയം വീഥിയിൽ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയിൽ മൈക്ക് സെറ്റ് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ച് പൊലീസ്, തർക്കം
തിരുവനന്തപുരം: പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്ക് മുമ്പ് പൊലീസെത്തി മൈക്ക് സെറ്റ് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന് പ്രതിഷേധക്കാരുടെ പരാതി. കോർപറേഷന്റെ അനുമതിയില്ലെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ നടപടി.
ബഹളത്തിനൊടുവില് പ്രതിഷേധക്കാരുടെ എതിര്പിനെ തുടര്ന്ന് പൊലീസ് പിന്വാങ്ങുകയായിരുന്നു. പരിപാടി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്ത് കൊടുത്തിരുന്നുവെന്നും സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടുമെന്നും മേയര് വി.വി. രാജേഷ് പറഞ്ഞു. സ്റ്റുഡൻസ് ഫോര് കലക്ടീവാണ് മാനവീയം വീഥി ജന്തർമന്തറാക്കി യുവതയുടെ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യാതിഥി നടൻ പ്രകാശ് രാജിന്റെ നേൃത്വത്തില് സമരം തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു പൊലീസിന്റെ രംഗപ്രവേശം. അനുമതിയില്ലാതെ സമരം നടത്താൻ കഴിയില്ലെന്നും മൈക്ക് സെറ്റുകള് പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ ബഹളമായി. ഒടുവില് വൻ പ്രതിഷേധത്തെ തുടര്ന്ന് പൊലീസ് പിൻമാറി.
വ്യാഴാഴ്ച വൈകീട്ട് മാത്രമാണ് പ്രകാശ് രാജ് പങ്കെടുക്കുമെന്ന ഉറപ്പ് കിട്ടിയതെന്നും സമയക്കുറവ് മൂലമാണ് അനുമതി അപേക്ഷ നേരത്തെ നല്കാതിരുന്നതെന്നും സംഘാടകര് വിശദീകരിച്ചു. എന്നാല് കത്ത് നല്കിയിട്ടും പൊലീസ് നടപടി എടുക്കാത്തതിൽ വിശദീകരണം തേടുമെന്നായിരുന്നു മേയറുടെ പ്രതികരണം. സംഘാടകർ കോർപറേഷന്റെ അനുമതി വാങ്ങിയിരുന്നില്ല. പൊലീസിനോട് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നതാണ്. പിന്നെ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ പൊലീസിനോട് വ്യക്തത തേടുമെന്നും തുടർനടപടി ഉണ്ടാകുമെന്നും മേയർ അറിയിച്ചു.
മാനവീയം വീഥിയിൽ ഗ്യാനേഷ് വിരുദ്ധ സമരത്തിന് പ്രകാശ് രാജിന്റെ ഉദ്ഘാടന പ്രസംഗം ആവേശം പകർന്നു. 'കേരളം തന്റെ നിലപാട് ഇഷ്ടപ്പെടുന്നുവെന്നും കേരളത്തിന് തന്റെ നിലപാടിനെക്കുറിച്ച് അറിയാമെന്നും' പ്രകാശ് രാജ് പറഞ്ഞു. 'ഭീരുക്കൾ പാറ്റയെ പേടിക്കുന്നുവെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.