പട്ടയഭൂമിയിൽ മരംമുറി: വിവാദ സർക്കുലർ പിൻവലിച്ചു
തിരുവനന്തപുരം: പട്ടയ ഭൂമിയിൽനിന്ന് മരം മുറിക്കാൻ അനുമതി നൽകി കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സി.സി.എഫ്) പുറപ്പെടുവിച്ച വിവാദ സർക്കുലർ പിൻവലിച്ചു. മുട്ടിൽ മരം മുറിക്ക് സമാനമായ രീതിയിൽ വൻതോതിൽ മരംക്കൊള്ളക്ക് സാധ്യതയുണ്ടെന്ന വിമർശനത്തിന് പിന്നാലെ വനം മന്ത്രി ഇടപെട്ടാണ് നടപടി.
സ്വന്തം ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിച്ചതിന് ഇടുക്കി പാണ്ടിപ്പാറ സ്വദേശി ചാക്കോച്ചനെതിരെ കഴിഞ്ഞ ആഗസ്റ്റ് എട്ടിന് വനം വകുപ്പ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയിൽപ്പെട്ട വനം മന്ത്രി വിഷയത്തിൽ വ്യക്തത വരുത്താൻ ബന്ധപ്പെട്ട വിഭാഗത്തിന് നിർദേശം നൽകി. ഇതിന് പിന്നാലെയാണ് പട്ടയഭൂമിയിൽ നിന്ന് തേക്ക്, ഈട്ടി അടക്കം പത്തിനം സംരക്ഷിത മരങ്ങൾ ഒഴികെ മുറിക്കാമെന്ന് നിർദേശിച്ച് സെപ്റ്റംബർ എട്ടിന് കോട്ടയം ഡി.എഫ്.ഒ ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം സി.സി.എഫ് ഒക്ടോബർ എട്ടിന് പട്ടയഭൂമിയിൽ നിന്നും മരങ്ങൾ മുറിക്കാമെന്ന വിവാദ ഉത്തരവ് ഇറക്കിയത്. 1977ന് മുമ്പ് വനഭൂമി കൈവശം വെക്കുന്നവരിൽ പട്ടയ ഭൂമിയിൽ നിന്നും കർഷകർ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിച്ചുമാറ്റാൻ അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ ഉത്തരവാണ് വിമർശനം ഉയർന്നതോടെ ഒക്ടോബർ 15ന് മന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.