കിഫ്ബി സാമ്പത്തിക മാതൃക പാളി; വരുമാനദായക പദ്ധതികൾ പേരിനു മാത്രം
തിരുവനന്തപുരം: വരുമാനദായക പദ്ധതികൾ വഴി കിഫ്ബി സ്വയംപര്യാപ്തമായി കടംവീട്ടുമെന്ന അടിസ്ഥാന അനുമാനം പൂർണമായി പരാജയപ്പെട്ടെന്നും ഇത്തരം പദ്ധതികൾക്ക് മതിയായ പരിഗണന നൽകാത്തത് കിഫ്ബിയുടെ സാമ്പത്തിക മാതൃകയിലെ പോരായ്മയെന്നും വിദഗ്ധ സമിതി.
വരുമാനമുണ്ടാക്കുന്ന പദ്ധതികളിൽ കിഫ്ബി പണം നിക്ഷേപിക്കുമെന്നും അതിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് വായ്പകളും പലിശയും തിരിച്ചടക്കുമെന്നതുമായിരുന്നു കിഫ്ബി നിയമത്തിൽ വിഭാവനം ചെയ്തത്. മാത്രമല്ല, സർക്കാർ നൽകുന്ന മോട്ടോർ വാഹന നികുതിയും പെട്രോളിയം സെസ്സും വായ്പാ തിരിച്ചടവിലെ എന്തെങ്കിലും കുറവുകൾ നികത്താനുള്ള അനുബന്ധ മാർഗം മാത്രമായിരിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ, കഴിഞ്ഞ നാല് വർഷങ്ങളിൽ കിഫ്ബി പലിശയും മുതലുമായി തിരിച്ചടച്ച 11,944.18 കോടിയിൽ 11,869.28 കോടിയും സർക്കാർ നൽകിയതാണ്. 2026 സെപ്റ്റംബർ 15 വരെയുള്ള കണക്കുകൾ പ്രകാരം, കിഫ്ബി അനുവദിച്ച ആകെ 1,240 പദ്ധതികളിൽ വരുമാനദായകമെന്ന് തരംതിരിച്ചത് 44 എണ്ണം മാത്രമാണ്.
ഇത് കിഫ്ബി ആകെ അനുവദിച്ച പദ്ധതിത്തുകയുടെ 22.63 ശതമാനവും യഥാർഥത്തിൽ വിതരണം ചെയ്ത ഫണ്ടിന്റെ വെറും 20.98 ശതമാനവുമാണ്. അതായത്, കിഫ്ബി ഫണ്ടിന്റെ അഞ്ചിലൊന്ന് മാത്രമാണ് വരുമാന പദ്ധതികൾക്ക് ലഭിച്ചത്. വരുമാനദായകമെന്ന് രേഖപ്പെടുത്തിയ 44 പദ്ധതികളിൽ ആറെണ്ണമാണ് കിഫ്ബിയിലേക്ക് എന്തെങ്കിലും തിരിച്ചടവ് നടത്തിയത്. ഈ തിരിച്ചടവുകളുടെ സ്രോതസ്സ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വസ്തുതകളാണെന്നാണ് സമിതി പറയുന്നു. സ്വന്തമായി ലഭിച്ച വരുമാനത്തിൽനിന്ന് തിരിച്ചടവ് നടത്തിയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞത് മൂന്ന് പദ്ധതികളിൽ മാത്രമാണ്. ട്രാൻസ്ഗ്രിഡ് 2.0 (കെ.എസ്.ഇ.ബി), ടെക്നോസിറ്റിയിലെ ആദ്യ കെട്ടിടം (കെ.എസ്.ഐ.ടി.ഐ.എൽ), കൊച്ചി പെട്രോകെമിക്കൽ പാർക്ക് (കിൻഫ്ര) എന്നിവയാണിത്. ഈ മൂന്ന് പദ്ധതികൾ ചേർന്ന് ആകെ തിരിച്ചടച്ചത് 3,351.90 കോടിയാണ്.
ഇതിന് പുറമേ മറ്റു മൂന്ന് പദ്ധതികളും കിഫ്ബിയിലേക്ക് പണം അടച്ചത് പദ്ധതി വരുമാനത്തിൽ നിന്നല്ല. മറിച്ച് സർക്കാർ അതത് എസ്.പി.വികൾക്ക് നൽകിയ ബജറ്റ് വിഹിതത്തിൽ നിന്നോ ഗ്രാന്റിൽ നിന്നോ ആണ്. ഫലത്തിൽ, അവയും സാധാരണ ബജറ്റ് പദ്ധതികൾ തന്നെയാണെന്നും വരുമാനദായകമെന്ന തരംതിരിക്കൽ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സമിതി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.