പ്രകാശ് രാജ്

‘കേരളത്തിന് എന്റെ നിലപാടറിയാം, ഭീരുക്കൾ പാറ്റയെ പേടിക്കുന്നു’: പ്രകാശ് രാജ്, തിരുവനന്തപുരം മാനവീയം വീഥിയിലും പ്രതിഷേധം

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളും സി.ജെ.പിയും പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാനത്തും പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പരിപാടിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്തു. 'കേരളം തന്റെ നിലപാട് ഇഷ്ടപ്പെടുന്നുവെന്നും കേരളത്തിന് തന്റെ നിലപാടിനെക്കുറിച്ച് അറിയാമെന്നും' പ്രകാശ് രാജ് പറഞ്ഞു. 'ഭീരുക്കൾ പാറ്റയെ പേടിക്കുന്നുവെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലും പ്രതിഷേധറാലി നടന്നു. ബംഗളൂരു ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്കായിരുന്നു റാലി. സി.ജെ.പി-ഐസ പ്രവർത്തകർ സംയുക്തമായാണ് റാലി നടത്തിയത്. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

അതേസമയം, ഡൽഹിയിൽ നടന്ന തിരംഗ മാർച്ചിൽ കൊണാട്ട് പ്ലേസിലേക്ക് പുറപ്പെട്ട സി.ജെ.പി നേതാവ് അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ജെ.പി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിനിടെയാണ് ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഐസ നേതാവ് നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു. മണ്ഡി ഹൗസ് ഭാഗത്തുവെച്ചാണ് നേഹയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ദേശീയപതാകയുമായി പ്രവർത്തകർ തെരുവിലിറങ്ങിയതോടെ രാജ്യതലസ്ഥാനം സംഘർഷഭരിതമായി. സമരക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. കൂടുതൽ പ്രവർത്തകർ എത്തിയതോടെ പൊലീസ് സുരക്ഷയും വർധിപ്പിച്ചു.

നേരത്തെ, സി.ജെ.പി ആഹ്വാനം ചെയ്ത ‘ലെഹ്‌റ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ദിപ്കെക്ക് നോട്ടിസ് നൽകിയിരുന്നു. ഝണ്ഡേവാലനിലെ ദിപ്കെയുടെ വസതിയിലെത്തിയാണ് നോട്ടീസ് കൈമാറിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ച കൊണാട്ട് പ്ലേസിലേക്ക് പോകരുതെന്നും നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നു. ഡൽഹി പൊലീസ് ആക്ടിലെ സെക്ഷൻ 29 പ്രകാരമാണ് നോട്ടീസ് നൽകിയത്. എന്നാൽ, വിലക്ക് ലംഘിച്ച് റാലിയിൽ പങ്കെടുക്കാൻ വീട്ടിൽനിന്നും ഇറങ്ങിയപ്പോഴാണ് പൊലീസ് ദിപ്കെയെ കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്.

ദീപ്കെയെ കസ്റ്റഡിയിൽ എടുത്ത വിവരം അറിഞ്ഞ സി.ജെ.പി പ്രവർത്തകർ ദേശീയ പതാകയും ഉയർത്തി പ്രതിഷേധം ആരംഭിച്ചു. നിരവധി പ്രവർത്തകരാണ് നിരോധനാജ്ഞ ലംഘിച്ച് കൊണാട്ട് പ്ലേസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആം ആദ്മി പ്രവർത്തകരും പ്രതിഷേധവുമായി കൊണാട്ട് പ്ലേസിലേക്ക് എത്തുന്നുണ്ട്. വൈകീട്ട് അഞ്ചിന് മണ്ഡി ഹൗസിൽ എത്താനാണ് പ്രവർത്തകരോട് നേഹ ബോറ ആവശ്യപ്പെട്ടിരിക്കുന്നത്. ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഒരു സ്ഥലം മാത്രമല്ലെന്നും, അത് ചെറുത്തുനിൽപ്പിന്റെ പ്രതീകം കൂടിയാണെന്നും അവർ പറഞ്ഞു. ഇന്ന് ഡൽഹി നഗരമധ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്നും അവർ എക്സിൽ കുറിച്ചു.

Tags:    
News Summary - ‘Kerala Knows My Stand’: Prakash Raj at TVM Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.