ബോഗി മാറി കയറിയതിനാൽ ജീവൻ കിട്ടിയ കഥയോർത്ത് നസീബ്ദീൻ

കടലുണ്ടി : നമ്മുടെ ചില തീരുമാനങ്ങളിലെ ദൈവിക ഇടപെടലുകൾ അത്ഭുതകരമാണ്. അല്ലെങ്കിൽ 2001 ജൂൺ 22ന് കടലുണ്ടിപ്പുഴയിൽ തീർ ന്നേനേ ഞാൻ.. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനുമായ എസ്.നസീബ്ദീൻ നടുക്കത്തോടെ ആ നാൾ ഓർക്ക ുന്നു. കോഴിക്കോട് മലാപ്പറമ്പിലെ ആരോഗ്യ കുടുംബക്ഷേമ കേന്ദ്രത്തിൽ ആറ് മാസത്തെ ഔദ്യോഗിക പരിശീലന കാലത്തായിരുന്ന ു അത്.

അന്ന് വെള്ളിയാഴ്ചയായതിനാൽ ശനിയാഴ്ച കൂടി ലീവെടുത്ത് നാട്ടിലേക്ക് പോവുകയായിരുന്നു.കോഴിക്കോട് സ്റ്റേ ഷനിൽ നിന്ന് മംഗലാപുരം-ചെന്നൈ നമ്പർ 6002 മെയിലിൽ ഇറങ്ങാനുള്ള സൗകര്യം പരിഗണിച്ച് സാധാരണ കയറാറുളള ബോഗിയിൽ കയറിയപ് പോൾ പിന്നിലെ ബോഗിയിൽ കുറച്ച് കൂടി സൗകര്യം കണ്ട് അങ്ങോട്ട് മാറി. അതിലെ കാലിയായ ബർത്തിൽ കയറി ബാഗ് വെച്ച് കയ്യിലു ള്ള പുസ്തകം വായിച്ചു കൊണ്ടിരുന്നു. നല്ല മഴയും സന്ധ്യാസമയവുമായതിനാൽ റിസർവ് ചെയ്തയാൾ എത്തുംവരെ അപ്പർ ബർത്തിൽ കൂടാമെന്ന് വെച്ചു. ഫറോക്കിൽ നിർത്തിയ ട്രെയിൻ കടലുണ്ടി സ്റ്റേഷനെത്തുമ്പോളേക്ക് സാമാന്യം വേഗതയിലെത്തിയിരുന്നു.

ഒരു മിനുറ്റിനകം പാലത്തിൽ കയറി. പുഴ കാണാനാകാത്ത മഴ. വടക്ക് ഭാഗത്തെ പാലം കഴിഞ്ഞ് 924 നമ്പർ തെക്കേപാലത്തിൽ കയറിയ ട്രെയിനിന് ഒരു കുലുക്കം അനുഭവപ്പെട്ടു. പിന്നീട് ബോഗിയെ എന്തോ വലിക്കുന്ന പോലെ. തുടർന്ന് കൂട്ട നിലവിളി. ജനലിലൂടെ നോക്കിയപ്പോൾ നടുക്കുന്ന കാഴ്ച.താൻ കയറി മാറിയ ബോഗിയടക്കം പുഴയിൽ ആണ്ട് കിടക്കുന്നു. തങ്ങളുടെ ബോഗി മുന്നിലത്തേതിന് മേൽ വീണ് പകുതി പുഴയിലായ നിലയിൽ. ബോഗിയിൽ രക്തമൊഴുകിത്തുടങ്ങി. വെള്ളവും കയറുന്നുണ്ട്. മുന്നിലുള്ളത് ആരും രക്ഷപ്പെടാനിടയില്ലാത്ത വിധത്തിലാണ് കിടക്കുന്നത്. മൊബൈൽ ഫോൺ പ്രചാരത്തിലായിട്ടില്ല. പരിശീലനത്തിനുണ്ടായിരുന്നവരിൽ കടലുണ്ടി ചാലിയം സ്വദേശി അബ്ദുൽ സത്താറിന്റെ കൈയിൽ ഫോൺ കണ്ടിരുന്നു. അയാൾക്കാരോ സമ്മാനമായി കൊടുത്തത് ഞങ്ങളെ കൊതിപ്പിക്കാൻ കൊണ്ട് വരും. ഇൻകമിംഗിന് പോലും വലിയ കാശായിരുന്നതിനാൽ അതിന്റെ നമ്പർ പോലും ആർക്കും നൽകിയിരുന്നില്ല.

കൂട്ട നിലവിളി കേട്ട് ആദ്യമെത്തിയത് പുഴയിലും പരിസരത്തുമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ.. അടിയിൽപ്പെട്ട ബോഗിയിൽ നിന്ന് രക്ഷപ്പെടുത്തുക പ്രയാസമായതിനാൽ ആദ്യം അവർ തങ്ങളുടെ ബോഗിക്കടുത്ത് വന്നു. അവരുടെ തോണിയിൽ കയറാൻ കഴിഞ്ഞില്ല. ഒടുവിൽ പുഴയിലേക്ക് ഉടൻ ചാടാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പേടിച്ചരണ്ട് കരഞ്ഞ തങ്ങളോട് നിങ്ങളുടെ ജീവൻ ഞങ്ങൾ സംരക്ഷിക്കുമെന്നും നീന്തലറിയില്ലെങ്കിലും ചാടൂ എന്നും പറഞ്ഞ് ധൈര്യം തന്നു. ഒടുവിൽ രണ്ടും കല്പിച്ച് ചാടിയത് കൊണ്ട് കിട്ടിയത് പുനർ ജീവനാണ്. ഇപ്പോൾ ചാലക്കുടി താലൂക്കാശുപത്രിയിൽ നോൺ- മെഡിക്കൽ സൂപ്പർവൈസറായ നസീബ്ദീൻ പറഞ്ഞു. വൈകുന്നേരം 6.15 നുള്ള ആകാശവാണി പ്രാദേശിക വാർത്തയാണ് വിവരം പുറം ലോകത്തെത്തിച്ചത്. മിനുറ്റുകൾക്കകം സംസ്ഥാനം ഇത് വരെ ദർശിച്ചിട്ടില്ലാത്ത രക്ഷാപ്രവർത്തനം.

കടലുണ്ടി മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് വരെ വടക്കും തിരൂർ വരെ തെക്കും ഭാഗത്ത് റോഡുകൾ വിജനമാക്കി ആശുപത്രി വഴികൾ സുഗമമാക്കി. മൊബൈൽ ഫോണും സോഷ്യൽ മീഡിയയുമില്ലാത്ത കാലത്ത് അധികൃതരും പൊതുജനങ്ങളും ഏറ്റെടുത്ത രക്ഷാദൗത്യം അത്യത്ഭുതകരമായിരുന്നു. മരണസംഖ്യ 57 ൽ ഒതുക്കിയത് ഈ ഒത്തൊരുമയായിരുന്നു. പിറ്റേ ദിവസം 'മാധ്യമം' മുഖപ്രസംഗമെഴുതിയ പോലെ ആകാശത്തിനാകെ ദ്വാരം വീണത് കണക്കെ മഴ വർഷിച്ചിട്ടും ഭൂമിയിലിറങ്ങിയ മാലാഖമാരെപ്പോലെ രക്ഷാപ്രവർത്തകർ കൈകോർത്തു. നസീബ് ദീൻ കയറിയ ബോഗിയിൽ 11 പേരാണ് മരിച്ചതെങ്കിൽ മുമ്പിലെ കോച്ചിൽ ഒട്ടുമിക്ക വരും ചളിയും വെള്ളവും കയറി മരിച്ചു കഴിഞ്ഞിരുന്നു. 130 ലേറെ വർഷം പഴക്കമുള്ള കടലുണ്ടിപ്പാലത്തിന്റെ രണ്ട് ഇരുമ്പ് തൂണുകൾ തകർന്നതാണ് ദുരന്തത്തിനിടയാക്കിയത്. പെരുമൺ കഴിഞ്ഞാൽ കേരളത്തിലുണ്ടായ ഈ വലിയ അപകടത്തിൽ 300 ഓളം പേർക്ക് പരിക്കുമേറ്റു.

കാര്യമായ പരിക്കൊന്നും ഇല്ലാതിരുന്നതിനാൽ തന്നെ ഒരു ടാക്സിയിൽ കയറ്റി നാട്ടിലേക്കെത്തിച്ചു.അപകടത്തിനിടയായ ട്രെയിനിൽ താൻ യാത്ര ചെയ്തത് അറിയാമായിരുന്ന സഹപരിശീലകർ കോഴിക്കോട് മെഡിക്കൽ കോളജും മോർച്ചറിയുമൊക്കെ കറങ്ങി. വീട്ടിൽ സുരക്ഷിതനായെത്തിയ കാര്യം പിറ്റേ ദിവസമാണ് ഫോൺ വഴി അറിയിച്ചത്.ബോഗികളിൽ നിന്ന് ചളി പൂണ്ട മൃതദേഹങ്ങൾ എടുത്ത് മാറ്റുന്നത് ഇപ്പോളും കൺമുന്നിൽ കാണുന്ന പോലെ ഈ നാൾ ഓർമ്മയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kadalundi train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.