തിരുവനന്തപുരം: വൻഭൂരിപക്ഷം നേടിയ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിയാത്തതിൽ പ്രതികരിച്ച് കെ. മുരളീധരൻ. 'പ്രതികൂല കാലാവസ്ഥ കാരണം ട്രെയിൻ സ്റ്റോപ്പിൽ എത്തിയിട്ടില്ല. ഓടുന്ന ട്രെയിനിൽ നമ്മൾ ഓടിയിട്ട് കാര്യമില്ല. ട്രെയിൻ സ്റ്റോപ്പിൽ എത്തിയാലേ ഇറങ്ങാൻ പറ്റൂ. ട്രെയിൻ സ്റ്റോപ്പിൽ എത്തട്ടെ. തീരുമാനം ഹൈക്കമാൻഡ് പറയും' എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
'തീരുമാനം ഹൈക്കമാൻഡ് പറയും. ഹൈക്കമാൻഡ് എന്ന് തീരുമാനം പറയും എന്ന് അറിയില്ല. ഡൽഹി യാത്രയാണല്ലോ. കാലാവസ്ഥ മോശമാകുമ്പോൾ ചിലപ്പോൾ ട്രെയിൻ വൈകാറുണ്ട്. എന്റെ അഭിപ്രായം ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാവരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നോട് ഇനി പ്രത്യേകിച്ച് അഭിപ്രായം ചോദിക്കാൻ സാധ്യത ഇല്ല. സ്ഥാനത്തിന് വേണ്ടി എന്റെ പേരിൽ ബോർഡ് വെക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ കണ്ടാൽ അപ്പോഴേ അത് തള്ളിപ്പറയും. പ്രഖ്യാപനം വൈകിയതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്' - മുരളീധരൻ പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി ആകുമോ എന്ന ചോദ്യത്തിന് തനിക്ക് ഒന്നിലും പ്രത്യേകം താൽപര്യം ഇല്ലെന്നായിരുന്നു മറുപടി. വട്ടിയൂർക്കാവ് എം.എൽ.എ ആയി ഇരിക്കുക എന്നതാണ് ഇഷ്ടം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം വൻഭൂരിപക്ഷം കിട്ടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ദേശീയ തലത്തിലും കോൺഗ്രസ് വിമർശനം നേരിടുന്നു.
കഴിഞ്ഞ ദിവസം വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. കേരളത്തിൽ വി.ഡി സതീശൻ അനുകൂല വികാരം ശക്തമാണെന്നാണ് എഐസിസി നിയോഗിച്ച ഏജൻസികൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ ഹൈക്കമാൻഡ് തീരുമാനം കെ.സി വേണുഗോപാലിന് അനുകൂലമാണെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.