തർക്കങ്ങൾക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ഗവർണറെ കണ്ട് സതീശൻ

തിരുവനന്തപുരം: ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറിയതിന് പിന്നാലെ, രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ ഗവർണർ പൊന്നാട അണിയിച്ച് സ്വീകരിച്ചുവെന്നും തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും രാജ്ഭവൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. സ്നേഹോപഹാരമായി ഗവർണർ ഗണപതി വിഗ്രഹം സതീശന് സമ്മാനിച്ചു.

സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കും ചാൻസലർ കൂടിയായ ഗവർണർ സമീപകാലത്ത് നടത്തിയ നിയമനങ്ങളെക്കുറിച്ചുമുള്ള വിയോജിപ്പുകൾക്കുമിടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്. അടുത്തിടെ, അന്താരാഷ്ട്ര യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നേരിട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്തതും വിവാദമായിരുന്നു. സംഭവത്തിൽ അസംതൃപ്തി ​അറിയിച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും നിർദേശം നൽകി.

ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാറിന്റെ എക്‌സ്‌ക്യൂട്ടിവ് ചുമതലകളില്‍പ്പെട്ടതാണ്. ഗവർണർ നടത്തിയത് ചട്ടവിരുദ്ധമാണെന്നും പരക്കെ വിമർശനമുയർന്നു. ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

ജൂണ്‍ 16നാണ് സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം ഗവർണർ വിളിച്ചത്. ലോക്ഭവനിലായിരുന്നു യോഗം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍വകലാശാല വൈസ് ചാൻസലർമാരും നാഷണര്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന മേധാവിയും ഇതിൽ പ​ങ്കെടുത്തിരുന്നു. 

അതേസമയം, ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവര്‍ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് ഇത്തരം യോഗം ചേര്‍ന്നതിലുള്ള സര്‍ക്കാറിന്റെ അസംതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്ത് നല്‍കി.

Tags:    
News Summary - VD Satheesan Meets Governor Rajendra Vishwanath Arlekar Amid Ongoing Tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.