നിഗൂഢത കണ്ടെത്താൻ പൊലീസ്: സിജോ സ്കറിയയുടെ തിരോധാന കേസിൽ തുടരന്വേഷണം

നാദാപുരം: വിലങ്ങാട് വാളൂക്ക് ഇന്ദിരാനഗർ സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ തിരോധാന കേസിൽ വീണ്ടും അന്വേഷണം നടത്താൻ കുറ്റ്യാടി പൊലീസ്. 2014-ലാണ് സിജോയെ കാണാതായത്. വാളൂക്കിലെ ആലപ്പാട്ട് സ്കറിയ-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് സിജോ. ത്രേസ്യാമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിജോയെ കാണാതായിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തിൽ ഒരു തുമ്പും ലഭിച്ചില്ല. അതിനിടയിലാണ്, കണ്ണൂർ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ ഈ മാസം 12-ന് മരിച്ച കോലടി മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ കല്ലറ തുറന്നപ്പോൾ, പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹത്തിന് സമീപം പായയിൽ പൊതിഞ്ഞ നിലയിൽ ഒരു വസ്തു കണ്ടെത്തിയത് സംശയത്തിനിടയാക്കി. ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം പായയിൽ പൊതിയുകയില്ലെന്നും അതാണ് സംശയത്തിന് കാരണമായത് പള്ളി അധികൃതർ പറയുന്നു. തുടർന്ന് പള്ളി അധികൃതർ കരിക്കോട്ടക്കരി പൊലീസിൽ പരാതി നൽക്കുകയായിരുന്നു.

നേരത്തേ സംസ്കരിച്ച മറിയം, ജയിംസ് എന്നിവരുടെ ബന്ധുക്കളെ കണ്ടെത്തിയ പൊലീസ്, പ്രാഥമികാന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ അന്വേഷണം ആവശ്യപ്പെട്ടതും കല്ലറ വേഗത്തിൽ തുറന്ന് പരിശോധിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയതും.

പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ പൊതു കല്ലറയിൽ രണ്ട് മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 2006-ൽ അടക്കം ചെയ്ത മറിയം മൊയ്യപ്പള്ളിലിന്റെയും 2015-ൽ അടക്കിയ ജയിംസ് കുമ്പുക്കലിന്റെയും മൃതദേഹങ്ങളാണിത്. ദുരൂഹതയ്ക്ക് ഇടയാക്കിയ പ്ലാസ്റ്റിക് പായ മറിയം മൊയ്യപ്പള്ളിലിനെ അടക്കം ചെയ്തപ്പോൾ പെട്ടിയിൽ ഉണ്ടായിരുന്നതാണെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ അഡിഷനൽ എസ്.പി. എൻ.ആർ. ജയരാജ് പറഞ്ഞു. ശാസ്ത്രീയ സ്ഥിരീകരണത്തിനായി ഡി.എൻ.എ, ഫൊറൻസിക് പരിശോധനകൾക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.

Tags:    
News Summary - Police to find the mystery: Continue investigation in the case of Sijo Scaria's disappearance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.