ലഹരിവിരുദ്ധ ദിനം: കേരളത്തിൽ വെള്ളിയാഴ്ച ‘ഡ്രൈ ഡേ’

തിരുവനന്തപുരം: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വെള്ളിയാഴ്ച സമ്പൂർണ ഡ്രൈ ഡേ. ഇതനുസരിച്ച് സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ ഔട്ട് ലറ്റുകളും ബാറുകളും അടഞ്ഞുകിടക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് സർക്കാറിന്റെ തീരുമാനം.

ഓരോ വർഷവും ജൂൺ 26നാണ് ലോകലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനും അവയുടെ അനധികൃത കടത്തിനും എതിരെ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ, 1987 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുഅസംബ്ലിയാണ് ഈ ദിനം നിശ്ചയിച്ചത്.

ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ എക്സൈസ്, സാമൂഹികനീതി വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേർന്ന് വിപുലമായ ബോധവൽക്കരണ പരിപാടികളും ലഹരി വിരുദ്ധ പ്രതിജ്ഞകളും സംഘടിപ്പിക്കും.

മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് സർക്കാർ ഡ്രൈ ഡേ ആചരണം പ്രഖ്യാപിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശം ഫിനാൻസ് ബിൽ അവതരിപ്പിക്കുന്നവേളയിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഇന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുമ്പ് പാർട്ടിതലത്തിലും യു.ഡി.എഫിലും ഇതേക്കുറിച്ച് ചർച്ചനടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മദ്യനയം സംബന്ധിച്ച് മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്നും അവരുടെ വികാരംകൂടെ ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരേയുള്ള പ്രഖ്യാപിത നയം വ്യക്തമാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു​. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. ബജറ്റ് തിരക്ക് കാരണമായിരിക്കാം പരിഗണിക്കാതെ നീണ്ടുപോയത്. എന്തുകാരണംകൊണ്ടാണെങ്കിലും മദ്യവ്യാപനത്തിന് സാഹചര്യമൊരുക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - World Anti-Narcotics Day: Friday to be Observed as 'Dry Day' in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.