ഓണം വാരാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്ന് പരിസരത്തെ വേദിയായ സോപാനത്ത്


പത്തനംതിട്ട പൊലിവിന്റെ കലാകാരൻമാർ അവതരിപ്പിച്ച പരുന്താട്ടത്തിൽ നിന്ന്


ഓണം വാരാഘോഷത്തിന് ഇന്ന് കൊടിയിറക്കം; സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഒരാഴ്ചയോളം കലാവിസ്മയങ്ങളാൽ ആറാടിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് ഞായറാഴ്ച സമാപന ഘോഷയാത്രയോടെ തിരശ്ശീല വീഴും. ഇന്ന് വൈകുന്നേരം അഞ്ചിന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്‍, സി.പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോക്ഭവനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയില്‍ സമാപിക്കും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന നിശ്ചലദൃശ്യങ്ങള്‍, ഇതര സംസ്ഥാന സർക്കാരുകളുടേത് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കലാകാരന്‍മാരുടെ പ്രകടനങ്ങള്‍ തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റുകൂട്ടും. കേരളത്തിന്‍റെ വളര്‍ച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്കരിക്കുന്ന 69 ഓളം ഫ്ളോട്ടുകളും ഇന്‍സ്റ്റലേഷനുകളുമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്നത്.

നാടന്‍ കലകളും തനത് രൂപങ്ങളും ഉള്‍പ്പെടെ 99 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. പുലിക്കളി, ഗരുഡന്‍ പറവ, മുത്തപ്പന്‍ തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങള്‍ ഘോഷയാത്രയെ വ്യത്യസ്തമാക്കും. തമിഴ്നാട്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയില്‍ പങ്കെടുക്കും. ഘോഷയാത്രയോടനുബന്ധിച്ച് ഞായറാഴ്ച നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷം തലസ്ഥാന നഗരിക്ക് പുറമെ മറ്റ് ജില്ലകളിലും വന്‍ വിജയമായി. സംസ്ഥാനത്തൊട്ടാകെ 100 ലധികം വേദികളിലായി നടന്ന 170 ലേറെ പരിപാടികളില്‍ 8,000 ത്തിലേറെ കലാകാരന്‍മാര്‍ പങ്കെടുത്തു. തിരുവനന്തപുരം നഗരത്തിൽ മാത്രം കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം ഉള്‍പ്പെടെ 35 വേദികളിലായി 3,000 ത്തിലധികം കലാകാരന്‍മാര്‍ അണിനിരന്നു.

പടയണി, തെയ്യം, മുടിയേറ്റ്, തോല്‍പാവക്കൂത്ത്, അര്‍ജുന നൃത്തം, തിറ തുടങ്ങി കേരളത്തിന്‍റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങളുടെ അവതരണവും ജനശ്രദ്ധ നേടി. ഇത്തവണ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കോവളം ഉള്‍പ്പെടെ കൂടുതല്‍ വേദികള്‍ ആഘോഷത്തിനായി ഒരുക്കിയിരുന്നു.

വ്യത്യസ്ത പ്രദേശങ്ങളിലെ തനത് രുചികള്‍ വിളമ്പുന്ന ഭക്ഷണശാലകളും കനകക്കുന്നില്‍ ഒരുക്കിയ വ്യാപാര മേളയും പ്രദര്‍ശനവും ഓണാഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടി. ലഹരിക്കെതിരായ സര്‍ക്കാരിന്‍റെ ‘ഓപറേഷന്‍ തൂഫാന്‍’ പോലുള്ള പ്രചാരണങ്ങള്‍ക്കും ബോധവല്‍ക്കരണങ്ങള്‍ക്കും ഓണം വാരാഘോഷം വേദിയായി. വാരാഘോഷത്തിന്റെ സമാപന ചടങ്ങുകൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബാൻഡിന്റെ കലാപരിപാടിയും സമാപന ചടങ്ങുകൾക്ക് ശേഷം അരങ്ങേറും.

യൂണിവേഴ്സിറ്റി കോളജിന് സമീപം വി.ഐ.പി പവലിയൻ

ഘോഷയാത്ര വീക്ഷിക്കുന്നതിനായി പ്രത്യേക പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്. സെൻട്രൽ ലൈബ്രറിക്ക് സമീപം വിദേശ വിനോദസഞ്ചാരികൾക്കും വിവിഐപികൾക്കുമുള്ള പവലിയനും, യൂണിവേഴ്സിറ്റി കോളജിന് സമീപം വി.ഐ.പി പവലിയനും, പബ്ലിക് ഓഫീസിന് മുന്നിലായി ജഡ്ജിമാർക്കുള്ള പവലിയനുമാണ് ഒരുക്കിയത്. പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ, പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണത്തെ സമാപന ഘോഷയാത്ര സംഘടിപ്പിക്കുക.

തലസ്ഥാനത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച സാംസ്കാരിക ഘോഷയാത്ര, ഉപരാഷ്ട്രപതിയുടെ സന്ദർശനം എന്നിവ പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി സിറ്റി പൊലീസ് വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ കവടിയാർ- വെള്ളയമ്പലം- മ്യൂസിയം - എൽ.എം.എസ് - സ്റ്റാച്യു - ഓവർബ്രിഡ്ജ് - പഴവങ്ങാടി - കിഴക്കേകോട്ട - വെട്ടിമുറിച്ചകോട്ട - മിത്രാനന്ദപുരം - പടിഞ്ഞാറേക്കോട്ട - ഈഞ്ചക്കൽ - കല്ലുമ്മൂട് വരെയുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

ഘോഷയാത്രയിലെ പ്ലോട്ടുകളും കലാരൂപങ്ങളും ഈഞ്ചക്കൽ ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സർവീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയിൽ പ്രവേശിച്ച് ഘോഷയാത്ര അവസാനിപ്പിക്കണം.

നിശ്ചലദൃശ്യങ്ങൾ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയത്ത് ഈഞ്ചക്കലിൽ നിന്നും മിത്രാനന്ദപുരം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല.

ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ അഞ്ചുമണി മുതൽ ഒമ്പതുമണി വരെയും ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുംമുഖം ഭാഗത്തുനിന്ന് ചാക്കയിലേക്കും, ചാക്കയിൽ നിന്ന് ആശാൻ സ്ക്വയർ - ലോക്ഭവൻ ഭാഗത്തേക്കും വാഹനഗതാഗതം നിരോധിച്ചു.

എം.സി റോഡിൽ നിന്നു തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വലിയ വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് കടപ്പനകുന്ന്-പേരൂർക്കട- പൈപ്പിൻമൂട്-ശാസ്തമംഗലം- ഇടപ്പഴിഞ്ഞി- എസ്.എം.സി- വഴുതക്കാട്- തൈക്കാട് വഴിയും, ചെറിയ വാഹനങ്ങൾ പരുത്തിപ്പാറ-മുട്ടട- അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയും പോകണം.

കഴക്കൂട്ടം ഭാഗത്തു നിന്നും കിഴക്കേക്കോട്ട-തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ കഴക്കൂട്ടം ഫ്ലൈഓവർ-മുക്കോലക്കൽ-കുഴിവിള-ചാക്ക ഫ്ലൈ ഓവർ-ഈഞ്ചക്കൽ- കൊത്തളം-സുഭാഷ് നഗർ-അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴി പോകണം. പട്ടം ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ പട്ടം- മരപ്പാലം-കവടിയാർ-ഗോൾഫ്ലിങ്ക്സ്-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-തൈക്കാട് വഴിയും പോകണം.

പേരൂർക്കട ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയോ, പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-ജഗതി-മേട്ടുക്കട വഴിയോ പോകണം.

തമ്പാനൂർ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ നിർദേശിക്കുന്ന സമയം മുതൽ തമ്പാനൂർ ഫ്ലൈഓവർ-കിള്ളിപ്പാലം വഴി പോകേണ്ടതാണ്.

നോ പാർക്കിങ്

ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ മുതൽ കല്ലുമ്മൂട് വരെ റൂട്ടിലും, വെള്ളയമ്പലം - വഴുതക്കാട് - തൈക്കാട്, റ്റി റ്റി സി - ദേവസ്വം ബോർഡ് - നന്തൻകോട്, ബേക്കറി ജങ്ഷൻ - ആശാൻ സ്ക്വയർ - പി എം ജി , തമ്പാനൂർ - കിള്ളിപ്പാലം - അട്ടക്കുളങ്ങര, ആയുർവേദ കോളേജ് - പാറ്റൂർ റോഡുകളിലും പൂർണ്ണമായും പാർക്കിങ് നിരോധിച്ചു.

പാർക്കിങ് കേന്ദ്രങ്ങൾ

ഇരു ചക്രം: ടാഗോർ തിയറ്റർ, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, പിഎംജിപി ഡബ്ലിയു ഡി കോമ്പൗണ്ട്, കോർപറേഷൻ ഓഫീസ്.

മറ്റ് വാഹനങ്ങൾ: വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ഒബ്സർവേറ്ററി ഹിൽസ്, ആർട്സ്/സംസ്കൃത/യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ടുകൾ, മോഡൽ സ്കൂൾ, തമ്പാനൂർ മൾട്ടി ലെവൽ പാർക്കിംഗ്, എസ്എംവി സ്കൂൾ ഗ്രൗണ്ട് തുടങ്ങിയവ.

പ്രത്യേക നിർദേശങ്ങൾ

പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണം. എയർപോർട്ട്, തമ്പാനൂർ, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണം. ആംബുലൻസുകളും എമർജൻസി വാഹനങ്ങളും ഘോഷയാത്ര റൂട്ട് ഒഴിവാക്കി സഞ്ചരിക്കണം. ഫോൺ: 0471- 2558731, 9497930055.

Tags:    
News Summary - Flag hoisting ceremony for Onam week celebrations today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.