എസ്.ഐ.ആർ: തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ കണ്ടെത്താനാകാത്തവരെ മാവേലി എക്സ്​പ്രസിൽ വന്നാൽ കാണിച്ചുതരാമെന്ന് ജയരാജൻ

തിരുവനന്തപുരം: തൃക്കരിപ്പൂർ നിയോജകമണ്ഡലത്തി​ൽ കണ്ടെത്താനാകാത്തവരായി കമീഷൻ എഴുതിവെച്ച പലരെയും ശനിയാഴ്ചയിലെ ‘മാവേലി എക്സ്​പ്രസിൽ സി.ഇ.ഒ ഒപ്പം വന്നാൽ ഞായറാഴ്ച തന്നെ താൻ കാണിച്ചുതരാമെന്ന്​ സി.പി.എം​ നേതാവ്​ എം.വി ജയരാജൻ. മുഖ്യതെരഞ്ഞെടുപ്പ്​ ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലായിരുന്നു എം.വി ജയരാജൻ ബൂത്തുതിരിച്ച്​ പട്ടിക അവതരിപ്പിച്ചത്​. കണ്ണൂർ തൃക്കരിപ്പൂർ മണ്ഡലത്തിലെ 123, 126, 149,177 തുടങ്ങിയ ബൂത്തുകളിൽനിന്ന് അർഹതപ്പെട്ടവരെ വ്യാപകമായി ഒഴിവാക്കിയത്.

ബൂത്ത്​ നമ്പർ 168 ലെ സജിഷയെ കണ്ടെത്തിയിട്ടില്ലെന്ന്​ കമീഷൻ പറയുന്നത്​. എന്നാൽ കരിവെള്ളൂർ പോസ്റ്റ്​ ഓഫീസിൽ പോയാൽ അവരയവിടെ കാണാം. അവിടെയവർ ജോലി ​ചെയ്യുന്നുണ്ട്​. ബൂത്ത്​ നമ്പർ 123 ലെ ശ്രീലക്ഷ്മി, 127 ലെ ഗിരിജ, 177 ലെ രജിന, 80 വയസുള്ള തമ്പായിനി എന്നിങ്ങനെ കണ്ടെത്താനാകാത്തവരായി കമീഷൻ കണക്കാക്കിയ പലരും നാട്ടിലുണ്ട്​. തമ്പായിനിയോട്​ താൻ നേരിട്ട്​ സംസാരിച്ചതാണ്​​. പ്രായമേറെയായതിനാൽ അടുത്തെങ്ങും ​എങ്ങോട്ടും പോയിട്ടില്ലെന്ന്​ അവർ തന്നെ പറയുന്നു. ബൂത്ത്​ നമ്പർ 149 ലെ അർജുൻ എന്യൂമറേഷൻ ഫോം നിഷേധിച്ചുവെന്നാണ്​ പട്ടികയിലുള്ളത്​. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല.

കേരളത്തിൽ ഒരാളും തനിക്ക്​ വോട്ട്​ വേണ്ട എന്ന്​ പറയില്ല. ജോലി സംബന്ധമായും പഠനാവശ്യങ്ങൾക്കായും നാട്ടിൽ ലഭ്യമല്ലാത്തവരെയും വെട്ടിമാറ്റുകയാണ്‌. അർഹരായ എല്ലാവരേയും പട്ടികയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പായില്ലെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. 25 ലക്ഷം വോട്ടർമാർ പുറത്താകുമെന്നാണ്‌ കഴിഞ്ഞ 15ന്‌ അറിയിച്ചത്‌. അഞ്ച് ദിവസത്തെ പരിശോധനയിലൂടെ ഇതിൽ ഒരു ലക്ഷത്തോളം പേരെ കണ്ടെത്താനായി. ഇത്‌ ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.എൽ.ഒമാർക്ക്​ താങ്ങാനാകാത്ത സമ്മർദ്ദമായപ്പോൾ അവർ എളുപ്പത്തിന്​ പലരെയും ‘അൺ ട്രെയിസബിളാക്കി’ എന്ന്​ കോൺഗ്രസ്​ പ്രതിനിധി എം.കെ റഹ്​മാൻ കുറ്റപ്പെടുത്തി. മാപ്പിങ്​ ചെയ്യാനാകാത്തവർ ആരൊക്കെയെന്നത് സംബന്ധിച്ച പട്ടിക രാഷ്​ട്രീയ പാർട്ടികൾക്ക്​ കൈമാറണം. മരണപ്പെട്ടവരുടെയും ഇരട്ടിപ്പായുള്ളവരെയും ഒഴിവാക്കി ബാക്കിയെല്ലാവരെയും കരട് പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജാജി മാത്യൂ (സി.പി.ഐ), അഡ്വ.മുഹമ്മദ്​ ഷാ, കെ.എസ്​.എ ഹലീം (മുസ്​ലിം ലീഗ്​), മാത്യു ജോർജ്​ (കേരള കോൺഗ്രസ്​), ​ജെ.ആർ പത്​മകുമാർ (ബി.​​ജെ.പി), കെ.ആനന്ദകുമാർ (കേരള കോൺഗ്രസ്​-എം), കെ.ജയകുമാർ (ആർ.എസ്​.പി) എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Jayarajan says he will show those who cannot be found in the Thrikaripur constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.