പി. കൃഷ്ണമ്മാൾ ഡൽഹിയിലെ കർഷക സമരവേദിയിൽ രാകേഷ് ടിക്കായത്തിനൊപ്പം (2021ലെ ചിത്രം)
കൊല്ലം: കർഷക പ്രക്ഷോഭ നേതാവ് രാകേഷ് ടിക്കായത്ത് ഗാസിയബാദിലെ കർഷക പ്രക്ഷോഭ നഗരിയിൽ വെച്ച് ‘ദ അയേൺ ലേഡി’ എന്ന് പ്രഖ്യാപിച്ച തൊഴിലാളി നേതാവ്പി. കൃഷ്ണമ്മാൾ കൊല്ലത്തു മത്സരിക്കും. കർഷക സമരം മാത്രമല്ല രാജ്യത്തെങ്ങും നീതിക്കുവേണ്ടി നടക്കുന്ന വിവിധങ്ങളായ പ്രക്ഷോഭങ്ങളിലെല്ലാം പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ രംഗത്തിറങ്ങുന്ന പി. കൃഷ്ണമ്മാളിന്‍റെ സാന്നിധ്യം കൊല്ലത്തെ മത്സരത്തിനു വേറിട്ട ചൂട് പകരും.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി അഹോരാത്രം പ്രവർത്തിക്കുന്ന പുനലൂർ കാഞ്ഞിരവിളയിൽ കൃഷ്ണമ്മാൾ(72) എം.സി.പി.ഐ (യു) സ്ഥാനാർഥിയായാണ് കൊല്ലത്ത് മത്സരിക്കുന്നത്. സി.പി.എം പത്തനാപുരം താലൂക്ക് കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കൃഷ്ണമ്മാൾ സി.പി.എമ്മിന്‍റെ നയവ്യതിയാനത്തിൽ പ്രതിഷേധിച്ചാണു പാർട്ടി വിട്ടത്.
കശുവണ്ടി തൊഴിലാളി യൂനിയൻ, കർഷക തൊഴിലാളി യൂനിയൻ, സെക്യൂരിറ്റി തൊഴിലാളി യൂനിയൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്‍റ്, ഗാർഹിക തൊഴിലാളി യൂനിയൻ, ക്ലീനിങ് ആൻഡ് ഡസ്റ്റിനേഷൻ വർക്കേഴ്സ് യൂനിയൻ എന്നിവയുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ ശക്തമായ സാന്നിധ്യമുള്ള മണ്ഡലത്തിൽ കൃഷ്ണമ്മാളിന്‍റെ സ്ഥാനാർഥിത്വം അതുകൊണ്ടുതന്നെ ശ്രദ്ധേയമാവുകയാണ്.
കശുവണ്ടിമേഖലയിലെ സമരങ്ങൾക്കു മുന്നിൽ നിൽക്കുകയും പല തവണ ജയിൽവാസം അനുഭവിക്കുകയും പൊലീസ് മർദനം ഏൽക്കുകയും ചെയ്തിട്ടുണ്ട്. 35 വർഷം അടഞ്ഞു കിടന്ന പുനലൂർ പേപ്പർമിൽ തുറക്കുന്നതിനായി നടത്തിയ സമരത്തിലും നേതൃത്വം നൽകി. ടൂറിസം മേഖലയിലെ ക്ലീനിങ് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ശമ്പളം 2500ൽ നിന്ന് 12000 വരെ ആയി ഉയർത്തിയതിനു പിന്നിൽ കൃഷ്ണമ്മാളിന്‍റെ ഇടപെടലായിരുന്നു.
മുതിർന്ന പത്രപ്രവർത്തകൻ എൻ. രാജേഷിന്‍റെ സ്മരണയിൽ ട്രേഡ് യൂനിയൻ രംഗത്തെ മികച്ച പ്രവർത്തനത്തിന് മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ആദ്യമായി അർഹയായതും പി. കൃഷ്ണമ്മാളാണ്. ഭർത്താവും ഏകമകനും മരിച്ചതോടെ മുഴുവൻ സമയവും തൊഴിലാളികൾക്കൊപ്പമാണ് ഈ വയോധിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.