മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി

കൊച്ചി: മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ തീപിടിത്ത സാഹചര്യം ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുളള സുരക്ഷാ മുന്‍കരുതലുകളും സുരക്ഷാ സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിർദേശാനുസരണം സംസ്ഥാനമൊട്ടാകെയുള്ള 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍/അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ടീം പരിശോധന നടത്തി.

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ തീപിടിത്തം ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കിയിരുന്നു. പര്യാപ്തമായ എണ്ണം ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ സ്ഥാപിച്ചിട്ടുണ്ടോ, അപകട സാഹചര്യങ്ങളില്‍ മാലിന്യ സംഭരണ കേന്ദ്രങ്ങളിലേക്ക് അഗ്‌നിശമന വാഹനം എത്തിച്ചേരുന്നതിന് ആവശ്യമായ വഴി സൗകര്യം ലഭ്യമാക്കിയിട്ടുണ്ടോ, ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാത്ത തരത്തില്‍ വയറിങ് നടത്തിയിട്ടുണ്ടോ, ആവശ്യമായ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ടോ എന്നിവയുള്‍പ്പെടെ പരിശോധിച്ചു.

സര്‍ക്കാര്‍ നിർദേശങ്ങള്‍ പൂർണമായും നടപ്പിലാക്കുന്നതില്‍ പല തദ്ദേശസ്വയംഭരണ പനങ്ങളും വീഴ്ച വരുത്തിയിട്ടുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണത്തിന്റെ ചുമതലയുള്ള ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായും സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ സമാനമായ രീതിയില്‍ പരിശോധന നടത്തുമെന്നും വീഴ്ചകള്‍ കണ്ടെത്തുന്ന പക്ഷം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.

Tags:    
News Summary - Inspections were conducted at the waste collection centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.