കോഴിക്കോട്: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വർഗീയ പ്രചാരണത്തിനെതിരെ അലൻ ഷുഹൈബ്. പ്രതിയായ അലന് പകരം അലൻ ഷുഹൈബിന്റെ പേര് പരാമർശിച്ചാണ് വർഗീയ വിദ്വേഷ പ്രചാരണം നടക്കുന്നത്. ഇതിനെതിരെ അലൻ ഷുഹൈബ് സമൂഹമാധ്യമത്തിൽ പരസ്യമായി പ്രതികരിച്ചു.
'ചിത്രപ്രിയയെ കൊന്നവന്റെ പേര് അലൻ എന്ന് കേട്ടപ്പോൾ ഈ ക്രൂരൻ ക്രിസ്ത്യാനിയാണെന്ന് നിങ്ങൾ സംശയിച്ചുകാണും. എന്നാൽ ആ പേരിന്റെ കൂടെ ഷുഹൈബ് എന്നൊരു ഭാഗം കൂടിയുണ്ട്. അലൻ ഷുഹൈബ് എന്നാണ് ആ ജിഹാദിയുടെ പേര്. മതേതര കൊലപാതകം' എന്ന് പറഞ്ഞാണ് വിദ്വേഷ പ്രചാരണം നടന്നത്. എന്നാൽ ഒരു ക്രിക്കറ്റ് താരത്തിന്റെ പേരാണ് തന്റെ മാതാപിതാക്കൾ നൽകിയതെന്നും ഒരു മതത്തിലും ഉൾപ്പെടാത്ത പേരാണ് തനിക്ക് നൽകിയതെന്നും അലൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഒരാളുടെ കൊലപാതകത്തിന്റെ അന്വേഷണം നീതിയുക്തമായി നടത്തണമെന്നും പ്രതിക്ക് ശിക്ഷ നൽകണമെന്നും ആവശ്യപ്പെടുന്നതിന് പകരം ഇവിടെ പ്രതിയുടെ മതം നോക്കി വർഗീയത പറയുകയാണെന്ന് അലൻ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു സീനിലും ഇല്ലാത്ത തന്റെ പേര് ഇതിലേക്ക് കൊണ്ടുവന്നതിന്റെ പേരാണ് വർഗീയതയെന്നും വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി കൊടുക്കുമെന്നും അലൻ അറിയിച്ചു.
അലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം-
‘അച്ഛനും അമ്മയും എനിക്ക് അലൻ എന്ന് പേരിട്ടത് ക്രിക്കറ്റ്ർ ആയ അലൻ ഡോണൾഡ്ന്റെ പേരിൽ നിന്നാണ്. എന്റെ ഏട്ടൻ കെവിന് 7 വയസ് ഉള്ളപ്പോൾ ആണ് ഞാൻ ജനിച്ചത്. അന്ന് ഏട്ടന്റെ ക്രിക്കറ്റ് കാർഡിൽ നിന്നാണ് അവർക്ക് ഈ പേര് കിട്ടിയത്. അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവും ആണ് 34 വർഷമായി അവർ ഒന്നിച്ചു ജീവിക്കുന്നു. രണ്ട് പേരുടെയും മതത്തിൽ നിന്ന് അല്ലാത്ത പേരുകൾ എന്ന നിലയിലാണ് എനിക്ക് അലൻ എന്നും ഏട്ടന് കെവിൻ എന്നും പേരിട്ടത്. ജീവിച്ച ജീവിതത്തിൽ ഒരിക്കലും ഞങ്ങൾ ഒരു മതത്തിലും വിശ്വസിച്ചിട്ടുമില്ല. ഒഫീഷ്യൽ ആയ മതമോ ജാതിയോ ഇല്ല.
ഒരാളുടെ കൊലപാതകത്തിന്റെ അന്വേഷണം നീതിയുക്തമായി നടത്തണമെന്നും പ്രതിക്ക് ശിക്ഷ നൽകണമെന്നും ആവശ്യപെടുന്നതിന് പകരം ഇവിടെ പ്രതിയുടെ മതം നോക്കി വർഗ്ഗീയത പറയുകയും, ഒരു സീനിലും ഇല്ലാത്ത എന്റെ പേര് ഇതിലേക്ക് കൊണ്ട് വന്നതിന്റെ പേരാണ് വർഗീയത. കഴിഞ്ഞ ദിവസം ലാലി പി.എംന് എതിരെ നടന്നത് ഇതിലും സംഘടിതവും വ്യാപകവും ആയ വർഗീയ അക്രമണമായിരുന്നു. ഇവ കേരളത്തിലും ഇന്ത്യയിലും ഉള്ള വർഗീയ ആക്രമണങ്ങളുടെ പല ഉദാഹരണങ്ങളിൽ ഒന്ന് മാത്രം.
കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇതിനെയും ഒരു ഒറ്റപെട്ട സംഭവം ആയി പറയുമായിരിക്കും എന്നാലും ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ട്.’
കൊലപാതകക്കേസിൽ ചിത്രപ്രിയയുടെ സുഹൃത്ത് അലനാണ് അറസ്റ്റിലായത്. പ്രാഥമികാന്വേഷണത്തിൽ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയത്. കൃത്യത്തില്‍ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നതിനൊപ്പം കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.