കാട്ടിക്കുളം (വയനാട്): പതിറ്റാണ്ടുകളായി ഇടതുകോട്ടയായി തുടരുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി അക്കൗണ്ടു തുറന്നു. പഞ്ചായത്തിലെ ഒന്നാം വാർഡായ തിരുനെല്ലിയിൽ സി.പി.എമ്മിന്‍റെ ആദിത്യക്കെതിരെ ഒറ്റ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൻ.ഡി.എ സ്ഥാനാർഥി സജിത ജയിച്ചത്. പഞ്ചായത്തിൽ ആദ്യമായാണ് ബി.ജെ.പി സ്ഥാനാർഥി ജയിക്കുന്നത്. സജിത 398 വോട്ടുകൾ നേടിയപ്പോൾ 397 വോട്ടുകളാണ് ആദിത്യയുടെ അക്കൗണ്ടിലെത്തിയത്. കോൺഗ്രസ് സ്ഥാനാർഥി ദീപക്ക് 64 വോട്ടുകൾ മാത്രമാണ് നേടാനായത്.
ആകെയുള്ള 19 വാർഡുകളിൽ 15 ഇടത്തും എൽ.ഡി.എഫ് വിജയിച്ചു. രണ്ട് സീറ്റുകൾ യു.ഡി.എഫ് സ്വന്തമാക്കിയപ്പോൾ, ഒരിടത്ത് ഇടത് വിമത സ്ഥാനാർഥി വിജയിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ 17 വാർഡുകളായിരുന്നു പഞ്ചായത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 16 ഇടത്തും സി.പി.എം ജയിച്ചുകയറിയപ്പോൾ, മുന്നണി സമവാക്യത്തിന്‍റെ ഭാഗമായി നൽകിയ സീറ്റിൽ സി.പി.ഐയും വിജയിച്ചു. കോൺഗ്രസിനോ എൻ.ഡി.എക്കോ ഒരു സീറ്റുപോലും ലഭിക്കാതായതോടെ, പേരിനുപോലും പ്രതിപക്ഷമുണ്ടായിരുന്നില്ല.
ഇത്തവണ തിരുനെല്ലി വാർഡിൽ അപ്രതീക്ഷിത തോൽവിയേറ്റത് സി.പി.എമ്മിന് ഞെട്ടലായിരിക്കുകയാണ്. ഭരണം നിലനിർത്തിയെങ്കിലും പരമ്പരാഗതമായി പാർട്ടിയെ തുണച്ചിരുന്ന മേഖലയിൽനിന്നേറ്റ തിരിച്ചടി, പലതലങ്ങളിലും പുനർവിചിന്തനം നടത്തണമെന്ന സന്ദേശമാണ് നൽകുന്നത്. നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലും തിരുനെല്ലി ഡിവിഷനിൽനിന്ന് എൻ.ഡി.എക്ക് കൂടുതലായി വോട്ട് ലഭിച്ചിരുന്നു. ഇത്തവണ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദം മുൻനിർത്തിയാണ് ബി.ജെ.പി പ്രചാരണം നയിച്ചതെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.