തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി. മുമ്പ് ഭരണത്തിലുണ്ടായിരുന്ന തിരുവനന്തപുരം, തൃശൂർ, എറണാകുളം, കൊല്ലം കോർപ്പറേഷനുകളിൽ എൽ.ഡി.എഫ് പിന്നിലാണ്. കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ് എൽ.ഡി.എഫിന് പിടിച്ചുനിൽക്കാനായത്. ഒരുഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷനിൽ എൽ.ഡി.എഫ് പിന്നിലായെങ്കിലും പിന്നീട് തിരികെ കയറുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്ത തൃശൂർ, എറണാകുളം കോർപ്പറേഷനുകൾ ഇക്കുറി യു.ഡി.എഫ് തിരിച്ചുപിടിച്ചു. രണ്ടിടത്തും വ്യക്തമായ മുൻതൂക്കത്തോടെയാണ് യു.ഡി.എഫ് വിജയം. വി.ഡി സതീശൻ നേരിട്ട് നിയന്ത്രിച്ച കൊച്ചി കോർപ്പറേഷനിൽ പത്തിലേറെ സീറ്റുകൾക്കാണ് യു.ഡി.എഫ് മുന്നേറുന്നത്.
എൽ.ഡി.എഫിന്റെ നെടുങ്കൻ കോട്ടയെന്ന് അറിയപ്പെടുന്ന കൊല്ലത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് മുന്നണിക്ക് ഉണ്ടായത്. കോർപ്പറേഷനിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വോട്ടെണ്ണല്ലിന്റെ തുടക്കം മുതൽ കോർപ്പറേഷനിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം. കൊല്ലം കോർപ്പറേഷനിലെ മേയറും മുൻ മേയറും തോറ്റത് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായി.
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കി. നാൽപ്പതിലേറെ സീറ്റുകളിലാണ് എൻ.ഡി.എ മുന്നേറ്റം. എൽ.ഡി.എഫ് മുന്നേറ്റം 25ൽ താഴെ സീറ്റുകളിൽ ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.