ഇരുപതേക്കർ കൈവിട്ടു; മുൻ എം.എൽ.എ ഇ.എം. ആഗസ്തിക്ക് തോൽവി

കട്ടപ്പന: തദ്ദേശ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എ അഡ്വ. ഇ.എം. ആഗസ്തിക്ക് കനത്ത തോൽവി. കട്ടപ്പന നഗരസഭ ഇരുപതേക്കർ വാർഡ് ആണ് ഇടുക്കി രാഷ്ട്രീയത്തിലെ പ്രമുഖ നേതാവിനെ കൈവിട്ടത്.

സി.പി.എമ്മിലെ സി.ആര്‍. മുരളിയാണ് ഇ.എം. ആഗസ്തിയെ പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാർഥി രതീഷ് പി.എസ്. മൂന്നാം സ്ഥാനത്തെത്തി. സി.ആര്‍. മുരളി -303, ഇ.എം. ആഗസ്തി-244, രതീഷ് പി.എസ്-32 എന്നിങ്ങനെയാണ് വോട്ട് നില.

മൂന്നു തവണ എം.എല്‍.എ, ജില്ല ബാങ്ക് പ്രസിഡന്‍റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ഡി.സി.സി പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ച ആഗസ്തി സ്ഥാനാർഥിയായതോടെ കട്ടപ്പന നഗരസഭ തെരഞ്ഞെടുപ്പ് വാർത്തയിൽ നിറഞ്ഞിരുന്നു.

കട്ടപ്പന നഗരസഭയായതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു വിജയം. ഇത്തവണ യു.ഡി.എഫിനുള്ളിലെ തമ്മിലടി മുതലെടുത്ത് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ആഗസ്തി എൽ.ഡി.എഫിന്റെ എം.എം. മണിയോട് പരാജയപ്പെട്ടിരുന്നു. 20,000ത്തിന് മുകളില്‍ ഭൂരിപക്ഷം നേടി മണി വിജയിക്കുമെന്നായിരുന്നു സർവേ ഫലം. ഇതിനോട് പ്രതികരിച്ച ആഗസ്തി മണി ജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ 30,000ല്‍ പരം വോട്ടുകള്‍ക്ക് എം.എം. മണി ജയിച്ചു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിനെ ഒരു മത്സരമായി കണ്ടാല്‍ മതിയെന്നും ആഗസ്തി മൊട്ടയടിക്കരുതെന്ന് മണി ആവശ്യപ്പെട്ടു. എന്നാല്‍, വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് വ്യക്തമാക്കിയ ആഗസ്തി വേളാങ്കണ്ണിയിലെത്തി തല മൊട്ടയടിക്കുകയായിരുന്നു.

Tags:    
News Summary - Former MLA E.M. Agasthi loses in Kattappana mUnicipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.