തൊടുപുഴ: സംസ്ഥാനത്ത് ഉൾനാടൻ മത്സ്യ ലഭ്യതയിൽ വർധന. അഞ്ച്വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ 2025-26 ൽ മത്സ്യ ഉൽപാദനം 8.05 ശതമാനമായി ഉയർന്നതായാണ് മത്സ്യബന്ധന വകുപ്പിന്റെ പുതിയ കണക്ക്. 2021-22ൽ 2,25,428 മെട്രിക് ടണ്ണായിരുന്നു ഉൽപാദനമെങ്കിൽ 2025-26ൽ 3,02,733 ലേക്ക് വളർന്നിട്ടുണ്ട്. കടലിലല്ലാതെ സ്വാഭാവികവും കൃത്രിമവുമായ ജലാശയങ്ങളിൽ വളരുന്ന മത്സ്യ ഇനങ്ങളാണ് ഇവ. കാലാവസ്ഥാ വ്യതിയാനം, അനധികൃത മത്സ്യ ബന്ധനം തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ ഉൾനാടൻ മത്സ്യസമ്പത്ത് വലിയ പ്രതിസന്ധിയെയാണ് മുൻ കാലങ്ങളിൽ നേരിട്ടിരുന്നത്. ജല സ്രോതസുകളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ ഒരു പരിധിവരെ നീക്കം ചെയ്യാൻ കഴിഞ്ഞതും അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനത്തിന് തടയിടാൻ കഴിഞ്ഞതും മത്സ്യ സമ്പത്തിന്റെ വർധനക്ക് കാരണമായിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ശ്രീകുമാർ പറഞ്ഞു. അശാസ്ത്രീയ മത്സ്യ ബന്ധനം കണ്ടെത്താൻ പ്രാദേശിക തലത്തിലടക്കം ടാസ്ക് ഫോഴ്സുകളും സജീവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് 2022 മുതൽ ഏഴ് ജലാശയങ്ങളിൽ പ്രതിവർഷം 164 ലക്ഷം കാർപ്പ്, ചെമ്മീൻ, കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മഞ്ഞക്കൂരി മത്സ്യയിനത്തിന്റെ ബ്രൂഡ് സ്റ്റോക്ക് സംരക്ഷിച്ച് ശാസ്ത്രീയ രീതിയിൽ ഉൽപാദനം നടത്തുന്നു. ഇവയെ അനുയോജ്യമായ പൊതുജലാശയങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും.
രോഹു , കട്ല, കാർപ്പ് എന്നീ വിഭാഗങ്ങളിലുള്ള മത്സ്യങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. വന്യജീവി സങ്കേതങ്ങളിലുള്ള റിസർവോയറുകളിൽ പ്രജനന കുടിയേറ്റ തടസ്സങ്ങൾ കാരണം മഹസീർ ഉൾപ്പെടെ സ്വദേശീയ മത്സ്യവർഗങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് മനസിലാക്കി പെരിങ്ങൽക്കുത്ത്, ഷോളയാർ റിസർവോയറുകളിൽ 2021-22 മുതൽ മഞ്ഞക്കൂരി, മഹസീർ, നാടൻ മൂഷി, കാരി എന്നീ സ്വദേശീയ മത്സ്യവർഗങ്ങളുടെ മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്. വിവിധ മത്സ്യങ്ങളുടെ സംരക്ഷണത്തിനായി തെരഞ്ഞെടുത്ത ജലാശയങ്ങൾ ഫിഷറീസ് വകുപ്പ് ഫിഷ് പ്രൊട്ടക്റ്റഡ് ഏരിയകളാക്കിയിട്ടും മത്സ്യ ഉൽപാദനം വർധിപ്പിച്ച് വരികയാണ്.
വർഷം - ഉൾനാടൻ മത്സ്യ ഉൽപാദനം - വളർച്ചാനിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.