ആലപ്പുഴ: യു.ഡി.എഫിന് നൂറുസീറ്റ് കിട്ടിയാൽ കാക്ക മലർന്നു പറക്കുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നുമുള്ള വെല്ലുവിളിയിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും’ എന്നുമാത്രമാണ് ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി നൽകിയത്.
അതുവരെ വി.ഡി. സതീശനെ പരിഹസിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്ന വെള്ളാപ്പള്ളി, ഇന്ന് അദ്ദേഹം നല്ലൊരു പ്രതിപക്ഷ നേതാവായിരുന്നുവെന്ന് പുകഴ്ത്തി പറയുക കൂടി ചെയ്തു. 2025 ജൂലൈയിൽ പറവൂരിൽ നടന്ന ചടങ്ങിലാണ് നൂറു സീറ്റുകൾ കിട്ടുമെന്ന വി.ഡി. സതീശന്‍റെ അവകാശവാദത്തെ വെള്ളാപ്പള്ളി പരിഹസിച്ചത്. നൂറു സീറ്റ് വേണ്ട, യു.ഡി.എഫിന് 98 സീറ്റ് കിട്ടിയാൽ പോലും കാക്ക മലർന്നു പറക്കുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം താൻ രാജിവെക്കുമെന്നുമായിരുന്നു വെല്ലുവിളി.
100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാജിവെച്ച് വനവാസത്തിന് പോകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. സതീശന് മുഖ്യമന്ത്രിയാകുമെന്ന് കരുതി അഹങ്കാരമാണ്. രാഷ്ട്രീയത്തിൽ അഹങ്കാരം പറയുന്നവർക്ക് തോറ്റ ചരിത്രമുണ്ട്. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശൻ പറയുന്നത്. അയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നും വെള്ളാപ്പള്ളി അന്ന് വിമർശിച്ചിരുന്നു. യു.ഡി.എഫിനെ നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനായില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് പിന്നാലെ സതീശൻ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
യു.ഡി.എഫിന് 97 സീറ്റ് വരെ കിട്ടുമെന്നതിൽ വെള്ളാപ്പള്ളിക്ക് സംശയമില്ലല്ലോ, പിന്നെ നൂറ് സീറ്റ് കവിഞ്ഞുപോകാനുള്ള നാലഞ്ച് സീറ്റല്ലേ, അത് ഞങ്ങൾ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കുമെന്നും സതീശൻ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 102 സീറ്റ് നേടി ചരിത്രവിജയമാണ് യു.ഡി.എഫ് നേടിയത്. കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ഹൈകമാൻഡ് തീരുമാനിക്കുമെന്നാണ് വെള്ളാപ്പള്ളി നടേശൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി, യു.ഡി.എഫിന്റെ വിജയശിൽപി കെ.സി. വേണുഗോപാലാണെന്നും വ്യക്തമാക്കി. വേണുഗോപാൽ അതികായനാണ്. ഭൂരിപക്ഷം എം.എൽ.എമാരുടെയും എം.പിമാരുടെയും പിന്തുണ കെ.സിക്കാണ്. രമേശ് ചന്നിത്തല പ്രവർത്തന പരിചയവും ഒരു വിവാദവും ഉണ്ടാകാത്ത നേതാവാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കനത്ത തോൽവിക്ക് താനും ഒരു കാരണമായെന്ന് ആരോപിക്കുന്നത് പിണറായി വിരുദ്ധരും സമുദായ വിരുദ്ധരുമാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
താൻ കാരണമാണ് എൽ.ഡി.എഫ് തോറ്റതെന്ന് പറയുന്നത് പിണറായി വിരോധികളാണ്. അത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ ലീഗാണ്. അല്ലെങ്കിൽ എന്റെ സമുദായം നശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കാൻ നോക്കേണ്ട. എസ്.എൻ.ഡി.പിയോഗത്തെ തകർക്കാൻ ഒരുപാർട്ടിക്കും ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല. പലരും ഇത് പിളർത്താൻ നോക്കിയിട്ടുണ്ട്. ദുഷ്ടബുദ്ധികൾ ഇങ്ങനെ പലതും പറയും. എന്റെ നിലപാടൊന്നും മാറില്ല. കുഞ്ഞാലിക്കുട്ടിയെപോലുള്ള നല്ല നേതാക്കൾ ലീഗിലുണ്ട്. ജാതിയും മതവും നോക്കാതെ ആളുകൾ വോട്ട് ചെയ്തതുകൊണ്ടാണ് ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം കിട്ടിയത്. നൂറ് സീറ്റിലധികം യു.ഡി.എഫിന് കിട്ടുമെന്ന് അവർ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.