തിരുവനന്തപുരം: പരീക്ഷ നടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും കായികക്ഷമതാപരീക്ഷയിൽ പങ്കെടുക്കാത്ത രണ്ട് ഉദ്യോഗാർഥികൾക്കായി രണ്ടായിരത്തോളം പേരുടെ നിയമന നടപടി ആരംഭിക്കാത്തത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശം.
വനിത സിവിൽ പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടിക(കാറ്റഗറി നമ്പർ 653 /2017) പ്രസിദ്ധീകരിക്കാത്ത വിഷയത്തിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പി.എസ്.സി സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് തേടിയത്. ജൂൺ എട്ടിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷൻ നിർദേശം.
വനിത കോൺസ്റ്റബിൾ പരീക്ഷ 2018 ജൂലൈ 22 നാണ് നടന്നത്. ഇവർക്കൊപ്പം പരീക്ഷ എഴുതിയ 3000 ത്തോളം പുരുഷ ഉദ്യോഗാർഥികൾ ഇതിനകം പൊലീസ് കോൺസ്റ്റബിൾ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേർ നേടിയ കോടതിവിധിയാണ് നിയമനത്തിന് തടസ്സമത്രെ.
തങ്ങൾക്കും കായികക്ഷമതാപരീക്ഷ നടത്താതെ നിയമന നടപടി പാടില്ലെന്നായിരുന്നു ഇവരുടെ ആവശ്യം. കോടതിവിധി നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ഭാവിതന്നെ തുലാസിലായിരിക്കുകയാണെന്ന് ചുരുക്കപ്പട്ടികയിലുള്ള മറ്റുള്ളവർ കമീഷന് നൽകിയ പരാതിയിൽ പറയുന്നു.
ഒരിക്കൽ കായികക്ഷമതാപരീക്ഷയിൽ പങ്കെടുക്കാതിരുന്നാൽ മറ്റൊരു അവസരം നൽകില്ലെന്നാണ് വിജ്ഞാപനത്തിലുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.