കൊച്ചി: സ്വർണക്കടത്ത് കേസിലെ രഹസ്യമൊഴിയിൽ പറഞ്ഞതെന്താണെന്ന് അറിയാതെ വ്യാജമെന്ന് ആരോപിക്കുന്നത് എങ്ങനെയെന്ന് സ്വപ്ന സുരേഷ് ഹൈകോടതിയിൽ. കള്ളക്കടത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കു പങ്കുണ്ടെന്ന വെളിപ്പെടുത്തൽ വ്യാജമാണോയെന്ന് അന്വേഷിക്കേണ്ടത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണെന്നും സ്വപ്‌ന വ്യക്തമാക്കി. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ സ്വപ്നയടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കേസിലെ പ്രതിയാണ് സാക്ഷിയായി രഹസ്യമൊഴി നൽകിയത്. തനിക്കെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ്, പാലക്കാട് കസബ സ്റ്റേഷനുകളിലെ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഈ വാദങ്ങൾ.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ഗൂഢാലോചനക്കേസുകൾ രജിസ്റ്റർ ചെയ്തത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച പൊലീസ് ഏറിയ സമയവും രഹസ്യമൊഴിയെക്കുറിച്ചാണ് ചോദിച്ചതെന്നാണ് സ്വപ്നയുടെ വാദം. രഹസ്യമൊഴി എന്താണെന്ന് അറിയാതെയാണ് വ്യാജമെന്ന് സർക്കാർ ആരോപിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ പങ്കുള്ളവരുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ, കേസിലെ പ്രതി എങ്ങനെയാണ് സാക്ഷിയായി രഹസ്യമൊഴി നൽകുന്നതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി) ആരാഞ്ഞു. ഏതുനിയമപ്രകാരമാണ് ഇത്തരത്തിൽ മൊഴി നൽകിയതെന്ന് വ്യക്തമല്ല. സ്വപ്‌ന ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് കേന്ദ്ര ഏജൻസികൾ നേരത്തേ കണ്ടെത്തിയതാണ്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി. ഹരജി പിന്നീട് പരിഗണിക്കാനായി ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മാറ്റി.

Tags:    
News Summary - How the accused can testify - kerala Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.