മംഗളൂരുവിൽ വീടുകൾക്ക് മുകളിൽ കുന്നിടിഞ്ഞ് വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം, കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച നിലയിൽ അമ്മ

മംഗളൂരു: ശക്തമായ മഴയിൽ മംഗളൂരുവിൽ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ദക്ഷിണകന്നട മഞ്ഞനാടി മൊണ്ടെപ്പഡവിൽ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് മൂന്ന് പേരാണ് മരിച്ചത്. മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരകുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്.

കാന്തപ്പ പൂജാരി, മകൻ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കുട്ടികളുടെ അമ്മയായ അശ്വിനിയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കാന്തപ്പ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു.

നാട്ടുകാരും എൻ.ഡി.ആർ.എഫും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ കണ്ടെത്തിയത്. എന്നാൽ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച രാത്രിയുണ്ടായ മറ്റൊരു അപകടത്തിൽ പത്തു വയസ്സുകാരി മരിച്ചു. ദെർലക്കട്ടെയ്ക്കടുത്ത് ബെൽമ, കനകരയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണാണ് നൗഷാദിന്റെ മകൾ ഫാത്തിമ മരിച്ചത്.

വീടിന് പിന്നിലുള്ള കുന്നിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മേൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - Heavy rain and wind in Mangaluru: 4 deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.