ശാന്താനന്ദ മഹർഷി
പന്തളം: സംഘപരിവാർ പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വാവരെ അധിക്ഷേപിച്ച ശ്രീരാമദാസ് മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പന്തളം പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. തിങ്കളാഴ്ച ശബരിമല കർമസമിതി പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷപ്രസംഗം നടത്തിയതിനെതിരെ പന്തളം കൊട്ടാര കുടുംബാംഗം പ്രദീപ് വർമ്മയും കോൺഗ്രസ് മാധ്യമ വക്താവ് വി.ആ.ർ അനൂപും ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിരുന്നു.
വർഗീയ വിദ്വേഷം പരത്തൽ, നാട്ടിൽ ക്രമസമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ശബരിമല സംരക്ഷണ സംഗമത്തിൽ വാവര് സ്വാമിയെ ശാന്താനന്ദ മഹർഷി മോശമായി ചിത്രീകരിച്ചെന്നാണ് പരാതി. വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ പറഞ്ഞത്. പ്രസംഗം വിശ്വാസം വ്രണപ്പെടുത്തിയെന്നും മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കിയന്നെും കാണിച്ചാണ് പരാതി നൽകിയത്. അയ്യപ്പനെ ആക്രമിച്ച് തോൽപ്പിക്കാൻ എത്തിയ ആളാണ് വാവരെന്ന് ശ്രീരാമദാസ മിഷൻ അധ്യക്ഷനായ ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു. വാവർ ചരിത്രം തെറ്റാണ്. വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാകണം.
അതിനുവേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു. 'വാപുരൻ എന്ന് പറയുന്നത് ഇല്ലാപോലും. 25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്', എന്നായിരുന്നു ശാന്താനന്ദ മഹിർഷിയുടെ പ്രസ്താവന.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് സർക്കാറും ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദൽ ആയാണ് ഹൈന്ദവ സംഘടനകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.