കോഴിക്കോട്: വടകരയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷാഫി പറമ്പിൽ എം.പിയുടെ വാഹനം തടയാനെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന മുസ്‌ലിം ലീഗ് പ്രദേശിക നേതാവിനെതിരെ വിദ്വേഷ പ്രചാരണം. വി.പി. ഷഫീഖ് മൗലവിക്ക് നേരെയാണ് സമൂഹമാധ്യമങ്ങളിൽ തീവ്രവാദി പരാമർശം ഉയർന്നത്.
'ഗോത്ര താലിബാൻ തീവ്രവാദി കോലത്തിൽ നടക്കുന്ന ഭീകരവാദികളെ കൂടെ കൊണ്ടുനടക്കുന്ന ഷാഫി ഹിന്ദുക്കളെ പേടിപ്പിക്കാൻ നോക്കുന്നു' എന്നാണ് സ്വതന്ത്ര ചിന്തകർ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ്. മറ്റൊരു പോസ്റ്റിൽ 'ഷാഫി ഇനി തടിയന്റവിട നസീറിനെയും കൊണ്ടുനടക്കും' എന്നുമുണ്ട്.
മുസ്‌ലിം ലീഗ് വർഡ് ജനറൽ സെക്രട്ടറിയായ വി.പി.ഷഫീഖ് മൗലവിക്ക് നേരെ ഉയരുന്ന വിദ്വേഷ പരാമർശങ്ങളിൽ പാർട്ടി പ്രാദേശിക നേതൃത്വം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഇതേ ഭാഷ ഇതിന് മുമ്പ് കേട്ടത് പൗരത്വ പ്രക്ഷോഭ കാലത്ത്, ധരിച്ച വസ്ത്രം നോക്കിയാൽ ആളുകളെ തിരിച്ചറിയാമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നാണെന്നും സി.പി.എമ്മും ബി.ജെ.പിയും ലയിച്ച് സി.ജെ.പി ആകുന്ന കാലത്ത് എ.കെ.ജി സെന്ററിൽ നിന്ന് മരാർജി ഭവനിലേക്കുള്ള ദൃതിയിലുള്ള യാത്രയിൽ റോഡിലെ കുണ്ടിൽ വീഴാതെ നോക്കണമെന്നും യൂത്ത് ലീഗ് വടകര മണ്ഡലം കമ്മിറ്റി സെക്രട്ടറി അൻസീർ പാനോളി പറഞ്ഞു.
അതേസമയം, ഷാഫി പറമ്പിൽ എം.പിയെ വാഹനം തടഞ്ഞ് കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ 11 ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ള പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സംഭവ സ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധ സൂചകമായി വൈകീട്ട് യു.ഡി.വൈ.എഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.