കരിപ്പൂരിലെ ഹജ്ജ് ക്യാമ്പില്‍നിന്ന് പുറപ്പെടുന്ന തീര്‍ഥാടകരെ കുടുംബാംഗങ്ങള്‍ യാത്രയയക്കുന്നു
കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ മക്കയിലേക്കുള്ള പ്രയാണത്തിന് തുടക്കമായി. വ്യാഴാഴ്ച പുലര്‍ച്ചെ 12.20നും 2.25നുമായി ആകാശ എയറിന്റെ രണ്ട് വിമാനങ്ങളിലായി 286 തീര്‍ഥാടകരാണ് ജിദ്ദയിലേക്ക് പുറപ്പെട്ടത്. രണ്ട് സംഘങ്ങളിലും 69 സ്ത്രീകളും 74 പുരുഷന്മാരുമാണുണ്ടായിരുന്നത്. വെള്ളിയാഴ്ചയും കരിപ്പൂരില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ ജിദ്ദയിലേക്ക് ഹജ്ജ് സർവിസ് നടത്തും.
യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും ഇത്തവണയും കാര്യക്ഷമമായ മുന്നൊരുക്കങ്ങളോടെയാണ് കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പിന് തുടക്കമായത്. വലിയ വിമാനങ്ങള്‍ക്ക് സർവിസ് അനുമതിയില്ലാത്തതിനാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കരിപ്പൂരില്‍നിന്ന് 969 തീര്‍ഥാടകര്‍ മാത്രമാണ് ഇത്തവണ യാത്രയാകുന്നത്. ഇതില്‍ 686 സ്ത്രീകളും 283 പുരുഷന്മാരുമാണുള്ളത്. കർണാടകയില്‍നിന്നുള്ള നാല് തീര്‍ഥാടകരും കരിപ്പൂര്വഴിയാണ് യാത്ര തിരിക്കുന്നത്. കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് യാത്രക്കായി ഇത്തവണ ആകാശ എയര്‍ ഏഴ് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മേയ് 17 വരെയാണ് ഇവിടെ നിന്നുള്ള സർവിസുകള്‍.
വിമാന സർവിസുകള്‍ കുറവെങ്കിലും വിപുലമായ സൗകര്യങ്ങള്‍ ഹജ്ജ് യാത്രക്കായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഒരുക്കിയിട്ടുണ്ട്. തീർഥാടകര്‍ക്ക് ആവശ്യമായ താമസം, ഭക്ഷണം, പ്രാഥമിക, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവ ഹജ്ജ് ഹൗസിലും വിമാനത്താവളത്തിലും ലഭ്യമാണ്. ഹജ്ജ് വളണ്ടിയര്‍മാരുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനം ക്യാമ്പില്‍ മുഴുവന്‍ സമയവും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണം.
13,194 തീർഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജജിന് പുറപ്പെടുന്നത്. ഇതില്‍ 4326 പുരുഷന്മാരും 8868 സ്ത്രീകളും ഉള്‍പ്പെടുന്നു. കരിപ്പൂര്‍ വഴിയുള്ള 969 പേര്‍ക്കു പുറമെ കൊച്ചിയില്‍ നിന്ന് 7931 പേര് , കണ്ണൂരില്‍ നിന്ന് 4270 പേര് എന്നിങ്ങനെയാണ് ഹജ്ജിന് പോകുന്നത്. ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 657 തീർഥാടകരും കേരളത്തിലെ വിവിധ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍നിന്ന് യാത്ര തിരിക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള 28 പേര് മറ്റു സംസ്ഥാനങ്ങള്‍ വഴിയും യാത്രയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.