എൻ.സി.ഇ.ആർ.ടി വെട്ടിയ ഗുജറാത്ത് കലാപവും മുഗൾ ചരിത്രവും കേരളം പഠിപ്പിക്കും​; മാറ്റം സയൻസ് സിലബസിൽ മാത്രം

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി ഹയർ സെക്കൻഡറി സിലബസിൽനിന്ന് ഒഴിവാക്കിയ മാനവിക വിഷയങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എൻ.സി.ഇ.ആർ.ടി വെട്ടിയ ഗുജറാത്ത് കലാപവും മുഗൾ ചരിത്രവും സംസ്ഥാനത്ത് പാഠ്യവിഷയമായി തുടരും.

അതേസമയം, സയൻസ് പാഠഭാഗങ്ങൾ കേരളത്തിലും ഒഴിവാക്കും. ഈ പാഠഭാഗങ്ങൾ ഒഴിവാക്കിയാകും പ്ലസ് വൺ, പ്ലസ് ടു പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ തയാറാക്കുക. ഇതുവഴി സയൻസ് വിദ്യാർഥികൾക്ക് പഠനഭാരം കുറയും. ഇതുസംബന്ധിച്ച് എസ്.സി.ഇ.ആർ.ടി മാസങ്ങൾക്ക് മുമ്പ് ശിപാർശ സമർപ്പിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നില്ല. പാഠഭാഗങ്ങൾ കുറക്കുന്നത് പരിഗണനയിലാണെന്നും ഇതുസംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

മാനവിക വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി നടത്തിയ വെട്ടികുറക്കലിൽ ചില നിക്ഷിപ്ത താൽപര്യങ്ങൾ കടന്നുകൂടിയിട്ടുണ്ടോ എന്ന് സംശയം ഉയർന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ചും ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പോലുള്ള സാമൂഹികശാസ്ത്ര വിഷയങ്ങളിൽ. ഗുജറാത്ത് കലാപം, മുഗൾ ചരിത്രം തുടങ്ങിയവ സംബന്ധിച്ച പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി സിലബസിൽനിന്ന് ഒഴിവാക്കിയിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ജനാധിപത്യം, മതേതരത്വം, ദലിത് മുന്നേറ്റങ്ങള്‍, ത്രിതല പഞ്ചായത്തീരാജ് തുടങ്ങിയ പാഠഭാഗങ്ങളും ഒഴിവാക്കപ്പെട്ടു. ഈ പാഠഭാഗങ്ങൾ തുടർന്നും പഠിപ്പിക്കാനാണ് കേരളത്തിന്‍റെ തീരുമാനം.

കോവിഡ് പശ്ചാത്തലവും പഠനഭാര ലഘൂകരണവും ആവർത്തനവും പറഞ്ഞാണ് പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതെങ്കിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ താൽപര്യങ്ങൾ നടപ്പാക്കുകയായിരുന്നു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിന് നിക്ഷിപ്ത താൽപര്യങ്ങൾക്ക് കൂട്ടുനിൽക്കാനാവില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി, സുവോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്രം, സോഷ്യോളജി, ഇക്കണോമിക്‌സ് എന്നീ ഒമ്പതുവിഷയങ്ങളിലാണ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്‍.സി.ഇ.ആര്‍.ടി. സിലബസ് പിന്തുടരുന്നത്. ഈ പുസ്തകങ്ങളിലെ 30 ശതമാനം പാഠഭാഗങ്ങള്‍ ഒഴിവാക്കിയാണ് എന്‍.സി.ഇ.ആര്‍.ടി മാര്‍ച്ചില്‍ സിലബസ് പ്രസിദ്ധീകരിച്ചത്. 

Tags:    
News Summary - Gujarat riots, Mughal era will teach in Kerala schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.