തിരുവനന്തപുരം: ഏകപക്ഷീയമായി നഴ്സിങ് പ്രവേശന വിജ്ഞാപനമിറക്കിയ നടപടിയിൽ പ്രതിഷേധിച്ച് മുഴുവൻ സീറ്റുകളിലും നേരിട്ട് പ്രവേശനം നടത്തുമെന്ന സ്വാശ്രയ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ചർച്ചക്ക് വിളിച്ച് ആരോഗ്യവകുപ്പ്. മന്ത്രിയില്ലാതെ സെക്രട്ടറിതലത്തിൽ വിളിച്ചയോഗം ബഹിഷ്കരിക്കുമെന്ന് മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചതോടെ, യോഗം മാറ്റി.
വെള്ളിയാഴ്ച രണ്ടരക്ക് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിൽ ചർച്ച നടത്തുമെന്നായിരുന്നു ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചത്. എന്നാൽ, ബി.എസ്സി നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കാണ് കത്ത് നൽകിയതെന്നും മന്ത്രിയില്ലാത്ത സെക്രട്ടറിതല ചർച്ച ബഹിഷ്കരിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് വി. സജിയും സെക്രട്ടറി അയിര ശശിയും സർക്കാറിനെ അറിയിച്ചു. പിന്നാലെയാണ് യോഗം മാറ്റിവെച്ചുള്ള അറിയിപ്പ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉൾപ്പെടെ നൽകിയത്.
ബി.എസ്സി നഴ്സിങ് പ്രവേശനത്തിൽ സീറ്റ് പങ്കിടൽ സംബന്ധിച്ച് ചർച്ചപോലും നടത്താതെ, സർക്കാർ ഏകപക്ഷീയമായി പ്രവേശന വിജ്ഞാപനമിറക്കുകയായിരുന്നെന്നും ഇതംഗീകരിക്കാൻ കഴിയില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തയാറാക്കിയ പ്രോസ്പെക്ടസിന് സർക്കാർ അംഗീകാരം നൽകിയതോടെയാണ് കഴിഞ്ഞദിവസം പ്രവേശന നടപടികളുടെ ചുമതല നൽകിയ എൽ.ബി.എസ് വിജ്ഞാപനമിറക്കിയത്.
പിന്നാലെയാണ് മുൻ വർഷങ്ങളിൽ 50 ശതമാനം സീറ്റ് സർക്കാറിന് വിട്ടുകൊടുക്കുന്ന നടപടി ഇത്തവണ വേണ്ടെന്നും മുഴുവൻ സീറ്റിലേക്കും നേരിട്ട് പ്രവേശനം നടത്താനും പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനും ക്രിസ്ത്യൻ സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനും തീരുമാനിച്ചത്. സ്വാശ്രയ നഴ്സിങ് കോളജുകളുടെ അഫിലിയേഷൻ പുതുക്കുന്നതിനുള്ള അപേക്ഷയിൽ ആരോഗ്യ സർവകലാശാലയും കേരള നഴ്സിങ് കൗൺസിലും നടപടി സ്വീകരിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.