മുഖ്യമന്ത്രി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തത് ഏതുതരം ഡീൽ -മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എമ്മിന് നേരെ ഡീൽ ആരോപിച്ച് വി.ഡി. സതീശൻ രംഗത്തുവന്നതും രാഹുൽഗാന്ധിയുടെ വിമർശനത്തിനും എതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി. 2006 ൽ പറവൂരിൽ ആർ.എസ്.എസ് സംഘടിപ്പിച്ച ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ വി.ഡി. സതീശൻ പങ്കെടുത്ത ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ വിമർശനം. അന്ന് ആർ.എസ്.എസുമായി എന്ത് ഡീലായിരുന്നുവെന്ന് വി.ഡി. സതീശൻ വ്യക്തമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും ഡീൽ ഉണ്ടായിട്ടുണ്ടെന്നാണ് വി.ഡി. സതീശന്റെ ആരോപണം. പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെ ജയിപ്പിക്കാൻ വേണ്ടിയാണ് സി.പി.എം ദുർബലനായ സ്ഥാനാർഥിയെ നിർത്തിയത്. ബി.ജെ.പിയുമുയി ഡീൽ ഉള്ളതിനാലാണ് കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താതിരുന്നത്. ബി.ജെ.പി അനുകൂല സമീപമാണ് ഇപ്പോൾ സി.പി.എമ്മിന്റെതെന്നും അദ്ദേഹം ആരോപിച്ചു.   

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

2006 ൽ പറവൂരിൽ ആർ.എസ്.എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ 2013 ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006 ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ വി.ഡി. സതീശന്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ആർ.എസ്.എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വി.ഡി. സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പരിപാടി നടന്നത്. അതായത്, നിയമസഭ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ്.

2001 ലെയും 2006 ലെയും നിയമസഭ തെരഞ്ഞെടുപ്പിൽ വി.ഡി. സതീശൻ ആർ.എസ്.എസ് പിന്തുണ അഭ്യർഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ വെളിപ്പെടുത്തിയത് 2022 ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർ.എസ്.എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006 ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.

Tags:    
News Summary - What kind of deal was it to participate in Golwalkar's birth centenary celebrations - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.