കൊച്ചി: പത്താം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപികമാർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ ഹരജി നൽകി. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസിലാണ് അധ്യാപികമാരായ സിന്ധു പോൾ, ക്രസൻസ് നേവിസ് എന്നിവർ കോടതിയെ സമീപിച്ചത്. ഹരജിയിൽ കോടതി പൊലീസിെൻറ വിശദീകരണം തേടി.
ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിെൻറ മൂന്നാം നിലയിൽനിന്ന് ചാടിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടർന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പൊലീസ് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുൾപ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു.
ക്രസൻസ് നേവിസ് ഗൗരിയുടെയും സിന്ധു പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരിയുടെയും ക്ലാസ് ടീച്ചറാണ്. ഒക്ടോബർ 20ന് ഇൻറർവെൽ സമയത്ത് ഗൗരി സഹോദരിയെ കാണാൻ എട്ടാം ക്ലാസിലേക്ക് പോയിരുന്നെന്നും മറ്റൊരു കുട്ടിയുമായി വഴക്കുണ്ടാക്കിയ ശേഷമാണ് ഇവിടെനിന്ന് ഗൗരി ക്ലാസിലേക്ക് മടങ്ങിയതെന്നും ഹരജിയിൽ പറയുന്നു. തുടർന്ന് പരാതി നൽകാൻ എട്ടാം ക്ലാസിലെ ചില വിദ്യാർഥികൾ പത്താം ക്ലാസിന് മുന്നിലെത്തി. ഈ കുട്ടികൾ പരാതിപ്പെട്ടപ്പോൾ പ്രിൻസിപ്പലിനെ അറിയിക്കാമെന്ന് സിന്ധു പോൾ ഉറപ്പ് നൽകി. സിന്ധു പ്രിൻസിപ്പലിനെ കാണാൻ പോയപ്പോൾ ഭയന്നുപോയ ഗൗരി ക്ലാസിൽ നിന്നിറങ്ങി പ്രൈമറി ബ്ലോക്കിലെത്തി മൂന്നാം നിലയിൽനിന്ന് ചാടുകയായിരുന്നു. കുട്ടികൾ തമ്മിലുണ്ടായ നിസ്സാര പ്രശ്നത്തിെൻറ പേരിലാണ് ഗൗരി ആത്മഹത്യ ചെയ്തതെന്നും അധ്യാപകർക്ക് പങ്കില്ലെന്നും ഹരജിയിൽ പറയുന്നു. മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും ഇടപെട്ടതോടെ പൊലീസ് അനാവശ്യമായി ശല്യം ചെയ്യുകയാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.