തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ. ബി. അശോകിനെ സര്‍ക്കാര്‍ മാറ്റി. കാര്‍ഷികോൽപാദന കമീഷണര്‍ സ്ഥാനത്ത് തുടരുന്ന അശോകിന് കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതലയുമുണ്ട്. എന്നാല്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതലയില്‍നിന്ന് അശോകിനെ ഒഴിവാക്കിയിട്ടില്ല. ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2000 കോടി രൂപയുടെ കേര പദ്ധതി നടപ്പാക്കാനിരിക്കെയാണ് തലപ്പത്തെ അഴിച്ചുപണി.
കാര്‍ഷിക ഉൽപാദന കമീഷണറെന്ന നിലയിലാണ് ഡോ.അശോകിന് കാര്‍ഷിക സര്‍വകലാശാല വി.സിയുടെ അധികചുമതല നല്‍കിയത്. എന്നാല്‍, കാര്‍ഷികോൽപാദന കമീഷണര്‍ സ്ഥാനത്തുനിന്ന് അശോകിനെ മാറ്റി പുതിയ ആളെ നിയമിച്ചാല്‍ ഡോക്ടറേറ്റ് അടക്കമുള്ള യോഗ്യതകളുണ്ടെങ്കില്‍ മാത്രമേ വൈസ് ചാന്‍സലറുടെ ചുമതല നല്‍കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ കഴിയൂ. ഉന്നത വിദ്യാഭ്യാസ മേഖല സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ല ഗവര്‍ണറുടെ നിയന്ത്രണത്തിലാണെന്ന് പുതുതായി ചുമതലയേറ്റ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഷിക സര്‍വകലാശാല വി.സിയുടെ നിയമന കാര്യത്തില്‍ അശോകിനെ മാറ്റിയുള്ള പരീക്ഷണത്തിന് സര്‍ക്കാര്‍ ഉടനടി തയാറാകുമോയെന്ന സംശയമുണ്ട്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അശോകിനെ മാറ്റിയെങ്കിലും വെള്ളിയാഴ്ച വൈകുന്നേരംവരെ ആരെയും നിയമിച്ചിട്ടില്ല. 13 പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ വേണ്ട സ്ഥാനത്ത് ഏഴുപേരാണ് ഇപ്പോഴുള്ളത്.
അധിക ചുമതല നല്‍കിയാണ് ഇവര്‍ക്ക് വകുപ്പുകള്‍ വീതംവെച്ച് നല്‍കിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് തദ്ദേശഭരണ പരിഷ്‌കരണ കമീഷണറായി അശോകിനെ നിയമിച്ച് വകുപ്പില്‍നിന്ന് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.