തിരുവനന്തപുരം: 2019ൽ ശബരിമല ശ്രീകോവിൽ കട്ടിളപ്പടിയിലെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ ദേവസ്വം കമീഷണറും മുൻ പ്രസിഡന്‍റുമായിരുന്ന എൻ. വാസുവിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. വാസു ദേവസ്വം കമീഷണറായിരുന്ന കാലത്താണ് കട്ടിളപ്പടിയിലെ സ്വർണപാളികളെ ചെമ്പുപ്പാളികളാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചതെന്നും ഇക്കാര്യത്തിൽ വാസുവിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നുമാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.
ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞ സ്വർണപാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ ദേവസ്വം ബോർഡ് മുൻ അഡ്മിനിട്രേറ്റീവ് ഓഫിസർ മുരാരി ബാബു നടത്തിയ അതേ ക്രിമിനൽ കുറ്റമാണ് കട്ടിളയിലെ കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എൻ.വാസു ദേവസ്വം കമീഷണറായിരിക്കെ ചെയ്തത്. സ്വർണ തട്ടിപ്പിൽ വാസുവിന്‍റെ സഹായം സംബന്ധിച്ച് ഇടനിലക്കാരനായ പോറ്റിയെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് കേസിൽ പ്രതിയായ വാസുവിന്‍റെ അറസ്റ്റും രേഖപ്പെടുത്തുമെന്നാണ് വിവരം.
കട്ടിള ശബരിമലയിൽ നിന്ന് കൊണ്ടുപോകുന്ന സമയത്ത് താൻ കമീഷണര്‍ ആയിരുന്നില്ലെന്നും ദേവസ്വം കമീഷണര്‍ക്ക് തിരുവാഭരണവുമായി യാതൊരു ബന്ധവുമില്ലെന്നും വാസു പറഞ്ഞു. സാധനങ്ങള്‍ കൊടുത്തുവിടുന്നതില്‍ ദേവസ്വം കമീഷണർക്ക് യാതൊരു റോളുമില്ല. ഈ കാര്യത്തില്‍ എക്‌സിക്യൂട്ടീവ് ഓഫിസറുടെ കത്തു സഹിതം ബോര്‍ഡിനെ വിവരം അറിയിക്കുകയാണ് ചെയ്തത്. തുടര്‍നടപടികള്‍ എടുക്കേണ്ടത് തിരുവാഭരണം കമീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.