'ഇതൊന്നും കണ്ട് പേടിക്കില്ല, പുറത്തുവന്നത് തലയും വാലുമില്ലാത്ത ചാറ്റ്, സത്യാവസ്ഥ അറിയാനാണ് സമയം ചോദിച്ചത്, അല്ലാതെ ശരീരിക ബന്ധത്തിനല്ല'; ഫെന്നി നൈനാനെതിരെ അതിജീവിത

തിരുവനന്തപുരം: തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്ത് വിട്ട് അധിക്ഷേപിക്കാനാണ് ഫെന്നി നൈനാൻ ശ്രമിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ പരാതിക്കാരി.

ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും ചാറ്റിന്‍റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്നും അതിജീവിത മാധ്യമങ്ങൾക്ക് നൽകിയ ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

പാലക്കാട് തെരഞ്ഞെടുപ്പിനിടെയാണ് രാഹുൽ ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞത്. രാഹുലിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സത്യാവസ്ഥ അറിയാനാണ് നേരിൽ കാണാൻ ഫെന്നിയോട് സമയം ചോദിച്ചത്. തന്റെ ഒപ്പം ഒരു സുഹൃത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനാണ് ശ്രമിച്ചതെന്നും അതിജീവിത പറഞ്ഞു.

അതിജീവിതയുടെ ശബ്ദ സന്ദേശത്തിൽ നിന്ന്..

"എന്നെ അധിക്ഷേപിക്കണം, വ്യക്തിഹത്യ നടത്തണം, സൈബർ ആക്രമണം നടത്തണം, ഇനിയും പരാതിയുമായി വരാനിരിക്കുന്നവരെ ഇതെല്ലാം കാണിച്ച് പേടിപ്പിക്കണം എന്ന ഉദ്ദേശ്യത്തിൽ മാത്രമാണ് ഫെന്നി നൈൻ ചാറ്റിന്റെ കുറച്ച് ഭാഗങ്ങൾ പുറത്തുവിട്ടത്. 

2024 ജൂലൈയിൽ ആണ് ഫെന്നിയെ പരിചയപ്പെടുന്നത്. 2025 നവംബർ വരെ ഫെന്നിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മെയ് മാസത്തിൽ ആണ് മിസ്കാരേജ് സംഭവിക്കുന്നത്. രാഹുൽ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്‍റെ ഫലമായിരുന്നു ആ മിസ്കാരേജ്. മാനസികമായും ശാരീരികമായും ആകെ തകർച്ച നേരിട്ട സമയം ആയിരുന്നു അത്. കുഞ്ഞിനെ നഷ്ടപ്പെടുന്നു, ജോലി നഷ്ട്ടപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ കൂടി കടന്നുപോയ സമയമായിരുന്നു അത്. അപ്പോഴാണ് ഫെന്നി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ചൂരൽമല ഫണ്ടിങ്ങിൽ കൂപ്പൺ ചലഞ്ചിൽ പങ്കെടുക്കണമെന്ന് പറഞ്ഞു. രാഹുൽ ആണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും ഫെനി പറഞ്ഞു. സമ്മർദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണമെന്നും പറഞ്ഞു. രാഹുലിനെ കുറിച്ച് ഫെന്നി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങൾ ഫെന്നിയോട് തുറന്നു പറഞ്ഞു. ആരോടും പറയരുത് എന്ന് ഫെന്നി തന്നോട് ആവശ്യപ്പെട്ടു. തന്‍റെ കുഞ്ഞിന്‍റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു ആ സമയം. ആ ട്രോമ ബോണ്ടിൽ കഴിഞ്ഞിരുന്ന തന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിനുണ്ട് എന്നൊക്കെ പറഞ്ഞു.

ഫെന്നിയോട് കാര്യങ്ങൾ പറഞ്ഞത് അറിഞ്ഞ രാഹുൽ, തന്നെ പിന്നെയും അധിക്ഷേപിച്ചു. പാലക്കാട് തെരഞ്ഞെടുപ്പ് സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുൽ വീണ്ടും വരുന്നത്. 2025 ആഗസ്റ്റിൽ രാഹുലിനെതിരായ വാർത്തകൾ കണ്ടു. ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ട് രാഹുലിനെ വിളിച്ചു. തനിക്ക് ഒരു ക്ലോഷർ വേണം ആയിരുന്നു. അതിനായി രാഹുലിനെ കാണാൻ അടൂരിൽ ചെല്ലണമെന്ന് പറഞ്ഞു. അടൂരിലേക്ക് വരരുത് എന്നും പാലക്കാടേക്ക് ചെല്ലാനും രാഹുൽ ആണ് ആവശ്യപ്പെട്ടത്. പക്ഷേ പിന്നെ രാഹുൽ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. കാണണമെങ്കിൽ ഫെന്നിയുമായി ബന്ധപ്പെടാൻ പറഞ്ഞു. ഫെന്നി ഓഫീസിലേക്ക് വരാൻ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞു. പേഴ്സണൽ കാര്യങ്ങൾ സംസാരിക്കാനുള്ളതിനാൽ ആളുകൾ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണം എന്ന് പറഞ്ഞു.

ഒരു സുഹൃത്തിനൊപ്പം കാണാൻ വരുമെന്നും പറഞ്ഞിരുന്നു. രാഹുലിനോടും ആരെയെങ്കിലും കൂട്ടി കാണാൻ ആണ് വരാൻ പറഞ്ഞത്. മുന്നറിയിപ്പില്ലാതെ ആണ് പാലക്കാട് പോയത്. രാവിലെ മുതൽ രാത്രി വരെ തങ്ങളെ രാഹുലിന്‍റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു. ഒരു ദിവസം മുഴുവൻ കഴിഞ്ഞിട്ടും രാഹുൽ കാണാൻ കൂട്ടാക്കിയില്ല. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്‍റെ ഏതാനും ഭാഗങ്ങൾ ആണ് പുറത്തുവന്നത്. ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാനാണ് മൂന്നാല് മണിക്കൂർ സമയം വേണം എന്ന് പറഞ്ഞത്. അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കിൽ മറ്റു രണ്ട് പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഫെന്നിയോട് സ്നേഹത്തോടെ പറയുന്നു ഞാൻ ഇതൊന്നും കണ്ടു പേടിക്കില്ല."

അതേസമയം, അതിജീവിതയെ അപമാനിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനെതിരെ വ്യാഴാഴ്ച പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ രാഹുലും പരാതിക്കാരിയുമായുള്ള ചാറ്റ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.

Tags:    
News Summary - Finni Ninan's leaked chat; Survivor responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.