പേരാമ്പ്രയിൽ വിജയം ഉറപ്പെന്ന് ഫാത്തിമ തഹ്‍ലിയ

കോഴിക്കോട്: പേരാമ്പ്രയിൽ ഇത്തവണ യു.ഡി.എഫ് വിജയം ഉറപ്പെന്ന് ഫാത്തിമ തഹ്‍ലിയ. ഇടത് വോട്ടുകൾ ഉൾപ്പെടെ തനിക്ക് ലഭിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിനും മതത്തിനും അപ്പുറത്തുളള പിന്തുണ ലഭിച്ചു. പ്രചാരണവേളയിലെ വിവാദങ്ങൾ ഒരിക്കൽ പോലും പരിഗണനയിൽ വന്നിട്ടില്ല. ഭൂരിപക്ഷം ഇപ്പോൾ പറയുന്നില്ലെന്നും ഫാത്തിമ തഹ്‍ലിയ പറഞ്ഞു.

പേരാമ്പ്രയിൽ ഞാൻ ഏറ്റവും അടിത്തട്ടിൽവരെ ഇറങ്ങി പ്രവർത്തിക്കാൻ കഴിഞ്ഞു. പുറത്ത് നടക്കുന്ന ചർച്ചകൾ കാര്യമാക്കുന്നില്ല. എന്റെ ഉത്തരവാദിത്തങ്ങൾ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പേരാമ്പ്രയിൽ മാറ്റം വേണമെന്നത് നാട്ടുകാരുടെ ആഗ്രഹമാണ്. പേരാമ്പ്രയിൽ എത്തിയപ്പോൾ ലഭിച്ച കോൺഫിഡൻസ് വളരെ വലുതാണ്. അത് അവിടത്തെ വോട്ടർമാരുടെ കോൺഫിഡൻസാണ് തനിക്ക് ലഭിച്ചതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. റിസൾട്ട് വരുമ്പോൾ അത് കാണാൻ സാധിക്കും. ആളുകൾ തന്നെ സ്വീകരിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഫാത്തിമ തഹ്‍ലിയ പറഞ്ഞു.

തോൽപ്പിക്കാനാണ് ജനം തീരുമാനിച്ചതെങ്കിൽ ആ ജനവിധി അംഗീകരിക്കും- ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: എന്നെ തോൽപ്പിക്കാനാണ് ജനം തീരുമാനമെടുക്കുന്നതെങ്കിൽ ആ ജനവിധി അം​ഗീകരിക്കുമെന്ന് പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. കോഴിക്കോട് ജില്ലയിൽ ആദ്യം തോൽക്കുന്നത് ടി.പി രാമകൃഷ്ണനായിരിക്കുമെന്ന ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിന്റെ പ്രസ്താവനയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ തോൽക്കാനാണ് ജനം തീരുമാനം എടുക്കുന്നതെങ്കിൽ ആ ജനവിധി അംഗീകരിക്കും. ഇപ്പോ ടി.പി. രാമകൃഷ്ണൻ പറഞ്ഞിട്ടോ, പ്രവീൺ പറഞ്ഞിട്ടോ പെട്ടിയിലുള്ള വോട്ട് മാറ്റാൻ ഒന്നും കഴിയില്ലല്ലോ എന്നും അദേഹം ചോദിച്ചു. ഞാൻ ജയിക്കും. എത്ര വോട്ടിന് ജയിക്കും എന്നുള്ളത് ഇപ്പോൾ പറയാൻ പറ്റില്ല. അത് നാലാം തീയതി പറയാം.

ഒരു വിവാദവും എന്നെ ബാധിക്കില്ല, കാരണം എന്റെ മനസ്സ് ശുദ്ധാണ്. ഒരുതരത്തിലുള്ള തെറ്റും ചെയ്തിട്ടില്ല എന്നാണ് എന്റെ ബോധ്യം. ഞാൻ വളരെ മോശമാണെന്ന് പറഞ്ഞിട്ട് സോഷ്യൽ മീഡിയയിലൊക്കെ പല പോസ്റ്റ് വന്നല്ലോ?. എന്നെ വർഗീയവാദിയായിട്ട് ചിത്രീകരിച്ചില്ലേ, അതൊക്കെ ഈ നാട്ടിലെ എന്നെ അറിയാവുന്ന കോൺഗ്രസുകാരും മുസ്‍ലിം ലീഗുകാരും ബി.ജെ.പിക്കാരും അംഗീകരിക്കില്ല. അരനൂറ്റാണ്ടിൽ അധികമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതാണ് ഇവിടെയെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്റെ അഞ്ച് ഗ്യാരണ്ടികകളിൽ സ്വാധീനിച്ചല്ല സ്ത്രീകളടക്കമുള്ള വോട്ടർമാർ ഒഴുകിയത്. സ്ത്രീകൾ ഒഴുകി വരുന്നതെങ്കിൽ ചിലപ്പോൾ യു.ഡിഎഫിലെ സ്ത്രീകൾ ഒഴുകും. എന്നാൽ ഇവിടെ, എൽ.ഡി.എഫിലും സ്ത്രീകൾ വളരെ സജീവമായിരുന്നല്ലോ. ഇത് ഗ്യാരന്റിയുടെ പുറത്ത് വന്നതല്ലല്ലോ. ഒരു പൊതു സമീപനത്തിന്റെ ഭാഗമായി ഗവൺമെന്റ് ഒരു ജൻഡർ പക്ഷത്ത് നിൽക്കുന്ന നിലപാട് കഴിഞ്ഞ വർഷങ്ങളിലെല്ലാം എടുത്തിട്ടുണ്ട്. സ്ത്രീകൾക്ക് ധാരാളം സൗകര്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

വനിത വികസന കോർപ്പറേഷൻ, പിന്നാക്ക വികസന കോർപ്പറേഷൻ ഈ സ്ഥാപനങ്ങൾ വഴി സ്വയം തൊഴിൽ സംരംഭങ്ങൾക്ക് വേണ്ടി ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. ഇ അനുഭവം ഒക്കെ ഉണ്ടല്ലോ സ്ത്രീകൾക്ക് മുന്നിൽ. സ്ത്രീകളെ നല്ല നിലയിൽ ചേർത്തു നിർത്തി ചുമതലകൾ നൽകി അവരെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്. സ്ത്രീപക്ഷ നിലപാടെടുത്ത ഗവൺമെന്റിന്റെ സമീപനത്തോട് വലിയ തോതിലുള്ള ആഭിമുഖ്യം സ്ത്രീകളിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് ഒരു ഉത്കണ്ഠയും വേണ്ടെന്ന് പാർട്ടി വീണ്ടും അധികാരത്തിൽ എത്തിയാൽ പാർട്ടി സംവിധാനം തകരാറിലാകുമെന്ന നിരീക്ഷണത്തോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തെയും നേരിടാനുള്ള സംഘടനാപരമായ ശേഷി സി.പി.എമ്മിനുണ്ട്. ഒരു പ്രശ്നവും ബാധിക്കുന്നില്ല. ഏത് സാഹചര്യത്തെയും നേരിട്ട് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ പറ്റാത്ത കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാവർക്കും വോട്ട് ചെയ്യാൻ അവകാശം വേണം. ഇതിൽ നിരവധി സംഘടനകൾ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. ഒരാളുടെ വോട്ടവകാശവും നിഷേധിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ ഉദ്യോഗസ്ഥർ ബാലറ്റ് ഇഷ്യൂ ചെയ്തതിൽ വന്നിട്ടുള്ള കുറവാണണെന്നാണ് മനസിലാക്കാൻ സാധിച്ചത്. റിട്ടേണിങ് ഓഫിസർമാരായും കലക്ടർ ആയിട്ടും സംസാരിച്ചിട്ടുണ്ട്. എല്ലാം കറക്ട് ചെയ്യും എന്നാണ് കലക്ടർ എന്നോട് പറഞ്ഞിട്ടുള്ളത്. വോട്ട് ചെയ്യാൻ കഴിയാത്ത മുഴുവൻ ആളുകൾക്കും വോട്ട് ചെയ്യുന്നതിനു വേണ്ടിയുള്ള അവസരം കൊടുക്കണം. അത് ജനാധിപത്യ വ്യവസ്ഥയിൽ വളരെ പ്രധാനപ്പെട്ടതാണ്. ഇലക്ഷൻ കമീഷൻ ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കണം എന്നുള്ളതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

പോളിങ് ശതമാനം കൂടിയത് ഭരണവിരുദ്ധ വികാരമല്ല എസ്.ഐ.ആർ കാരണമാണെന്ന അഭിപ്രായത്തെ കുറിച്ച് ഒന്നും പറയാനില്ല. പോളിങ് കൂടിയതുകൊണ്ട് ഏതെങ്കിലും ഒരു മുന്നണി ജയിക്കുമെന്നതും കുറഞ്ഞതുകൊണ്ട് ഏതെങ്കിലും ഒരു മുന്നണി തോൽക്കുമെന്നുള്ള വിശകലനം പഴയകാലത്തുള്ളതാണ്. ആ വിശകലനത്തിന് ഇപ്പോൾ അടിസ്ഥാനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Fathima Thahiliya says victory is certain in Perambra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.