ന്യൂഡൽഹി: കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്സണെതിരെ വ്യാജവാർത്ത നൽകിയ കേസിൽ ലേറ്റസ്റ്റ് പത്രത്തിന്റെ എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന് ഹൈകോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. പിഴത്തുക കെട്ടിവെക്കാൻ നൽകിയ നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് കോടതി ഹരജി തള്ളിയത്. അരവിന്ദനെതിരെ സമാനമായ മറ്റ് കേസുകളുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
2013 ഇൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ആയിരുന്ന മുസ്ലീം ലീഗ് അംഗം ഹസീന താജുദീനെതിരെ ലൈംഗിക ചുവയോടെയുള്ള വാർത്ത നൽകിയെന്ന കേസിൽ 2019 ഇൽ ഹോസ്ദുർഗ് കോടതി അരവിന്ദന് തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ അരവിന്ദൻ നൽകിയ അപ്പീൽ കാസർഗോഡ് അഡിഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈകോടതിയും തള്ളിയിരുന്നു.
ശിക്ഷ ശരിവെച്ച ഹൈകോടതി വിധിക്കെതിരെ അരവിന്ദൻ സമർപ്പിച്ച അപ്പീലീൽ പിഴത്തുക കെട്ടിവെക്കാൻ നൽകിയ നിർദ്ദേശം പാലിക്കാൻ രണ്ടുതവണയിലധികം അരവിന്ദൻ തയ്യാറാക്കാത്തതിനെ തുടർന്നാണ് ജസ്റ്റിസ് സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ലേറ്റസ്റ്റ് എഡിറ്ററുടെ ഹരജി തള്ളിയത്. നിലവിലെ ശിക്ഷക്ക് ശേഷവും തനിക്കെതിരെ ലേറ്റസ്റ്റ് പത്രത്തിൽ അശ്ലീലചുവയുള്ള വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് ഹസീനയുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
സമാന സ്വഭാവത്തിലുള്ള ആറിലധികം കേസുകൾ അരവിന്ദനതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാറും കോടതിയെ അറിയിച്ചു. പരാതിക്കാരി ഹസീന താജുദീനുവേണ്ടി അഡ്വ കെ.ആർ സുഭാഷ് ചന്ദ്രനും അനിരുധ് കെ. പിയും , സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ ഹർഷദ് വി ഹമീദും ദിലീപ് പൂളക്കോട്ടും ഹരജിക്കാരൻ അരവിന്ദനു വേണ്ടി അഡ്വ ശ്രീറാം പറക്കാട്ടും സുപ്രീം കോടതി മുമ്പാകെ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.