‘അത് സിനിമയാണ്, ഇത് രാഷ്ടീയം’; ലൈംഗികപീഡനത്തിൽ മുകേഷിനെ ന്യായീകരിച്ചും രാഹുലിനെ വിമർശിച്ചും ഇ.പി. ജയരാജൻ

കൊച്ചി: ലൈംഗിക പീഡന ആരോപണത്തിൽ ഇരട്ട നിലപാടുമായി മുതിർന്ന സി.പി.എം നേതാവ് ഇ.പി. ജയരാജൻ. കൊല്ലം എം.എൽ.എയും നടനുമായ എം. മുകേഷിനെ ന്യായീകരിച്ചും പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചുമാണ് ജയരാജൻ രംഗത്തെത്തിയത്.

മുകേഷ് എം.എൽ.എക്കെതിരെ ഉയർന്ന ലൈഗിംകപീഡന ആരോപണത്തിൽ സി.പി.എം യാതൊരു നടപടിയും എടുത്തില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് വ്യത്യസ്ത രീതിയിൽ ജയരാജൻ പ്രതികരിച്ചത്. രാഷ്ട്രീയവും സിനിമയും ഒരു പോലെയാണോ എന്നായിരുന്നു ജയരാജന്‍റെ മറുചോദ്യം. സിനിമക്ക് സിനിമയുടേതായ ചില പ്രത്യേകതകളുണ്ട്. അത് സിനിമയാണ്, ഇത് രാഷ്ടീയമാണ് -ഇ.പി. ജയരാജൻ വ്യക്തമാക്കി.

കോൺഗ്രസ് കേരളത്തിൽ തകർന്ന് നശിക്കുകയാണ്. നാശം വേഗത്തിലുണ്ടാകും. കോൺഗ്രസിന്‍റെ നേതാക്കൾ എല്ലാവരും ആലോചിക്കേണ്ട ഒരു കാര്യം. നിങ്ങൾക്ക് പെൺമക്കളില്ലേ, ഭാര്യമാരില്ലേ.. ഈ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാൻ പറ്റുമോ. ശക്തമായ നടപടി എടുക്കാൻ കോൺഗ്രസിന് ത്രാണിയില്ലെന്ന് വന്നാൽ അത് ഗതികേടാണ് -ജയരാജൻ കൂട്ടിച്ചേർത്തു.

നടനും എം.എൽ.എയുമായ മുകേഷിനെതിരെയാണ് നടി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. താരസംഘടനയായ ‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കിടക്ക പങ്കിട്ടാൽ മാത്രമേ ‘അമ്മ’യിൽ അംഗത്വം നൽകൂവെന്നും താൻ അറിയാതെ ‘അമ്മ’യിൽ നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞെന്നായിരുന്നു പരാതി നടി ചൂണ്ടിക്കാട്ടിയത്.

എന്നാൽ, 14 വർഷത്തിന് ശേഷം ഇത്തരമൊരു ആരോപണവുമായി വന്നത് തന്‍റെ രാഷ്ട്രീയ ഭാവിയും സിനിമാ ജീവിതവും നശിപ്പിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് മുകേഷ് കോടതിയിൽ ബോധിപ്പിച്ചത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ, അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്ഐ.ആറിലുണ്ട്. രണ്ടുതവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

2025 മാർച്ച് നാലിനാണ് രാഹുൽ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റിൽവെച്ചും ബലാത്സംഗം ചെയ്തു.

പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്‍റെ കാറിൽവെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. 

Tags:    
News Summary - E.P. Jayarajan defends M Mukesh in sexual harassment case and criticizes Rahul Mamkoottathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.