മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തർക്കം; വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന് മർദനം

കല്‍പറ്റ: വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന് കോൺഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ കോൺഗ്രസ് മണ്ഡലം കമ്മിറ്റി വികസന സെമിനാറിൽവച്ചാണ് ഡി.സി.സി പ്രസിഡന്റിനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകർ കയ്യേറ്റം ചെയ്തത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഉണ്ടായ ഗ്രൂപ്പ് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഘർഷത്തെ തുടർന്ന് സെമിനാർ നടത്താനായില്ല.

ഏതാനും മാസങ്ങളായി വയനാട്ടിലെ കോൺഗ്രസിൽ ഐ.സി. ബാലകൃഷ്‌ണൻ -എൻ.ഡി. അപ്പച്ചൻ വിഭാഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. ഇരു നേതാക്കളും തമ്മിൽ തർക്കിക്കുന്ന ശബ്ദ സന്ദേശം മുമ്പ് പുറത്തുവരികയും ചെയ്‌തിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

എൻ.ഡി. അപ്പച്ചന്റെ അടുപ്പക്കാരനാണ് മുള്ളൻകൊല്ലിയിൽ മണ്ഡലം പ്രസിഡന്റായിരിക്കുന്നത് എന്നകാര്യം ചൂണ്ടിക്കാട്ടി കെ.എൽ. പൗലോസ് ഗ്രൂപ്പും ഐ.സി. ബാലകൃഷ്‌ണൻ ഗ്രൂപ്പും എതിർപ്പുന്നയിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയാറാകാതെ വന്നതോടെ അപ്പച്ചനെ കൈയേറ്റം ചെയ്‌തു. മർ‌ദനമേറ്റ് അപ്പച്ചൻ നിലത്തുവീണതായാണ് വിവരം. പിന്നീട് പ്രവർത്തകർ അദ്ദേഹത്തെ സ്ഥലത്തുനിന്നും എടുത്തുമാറ്റി. 

വാക്കുതർക്കവും കടന്ന് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ കോൺ​ഗ്രസിന് നാണക്കേടുണ്ടാക്കുന്ന നിലയിലേക്കാണ് വയനാട്ടിൽ കാര്യങ്ങൾ നീങ്ങുന്നത്. തദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഉൾപാർട്ടിപ്പോര് കോൺ​ഗ്രസിന് വയനാട്ടിൽ വലിയ ക്ഷീണം ഉണ്ടാക്കിയേക്കും.

Tags:    
News Summary - Dispute over the post of constituency president; Wayanad DCC president ND Appachan beaten up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.