മലങ്കര ജലാശയത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ രൂപരേഖ
മൂലമറ്റം: മുൻ ജലസേചന മന്ത്രി റോഷി അഗസ്റ്റിന് എതിരായ വിജിലൻസ് പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റിന്റെ നിർദേശം. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം ആരംഭിക്കുന്നത്. മലങ്കര ജലാശയത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 112 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയിലെ ടെൻഡർ നടപടി ക്രമങ്ങളിൽ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പരാതി. സർക്കാറിന് വലിയ നഷ്ടവും സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭവും ലഭിക്കത്തക്ക രീതിയിലാണ് ടെൻഡർ എന്നും പരാതിയിൽ പറയുന്നു.
ലാഭത്തിന്റെ 3.5 ശതമാനം മാത്രം സർക്കാറിനും ബാക്കി 96.5 ശതമാനം സ്വകാര്യ ഏജൻസിക്കും ലഭിക്കുന്ന രീതിയിലാണ് 30 വർഷ പാട്ടത്തിന് ജലാശയവും തീരങ്ങളും സ്വകാര്യ ഏജൻസിക്ക് നൽകിയത്. പത്രങ്ങളിൽ പരസ്യം നൽകാതെയും വേണ്ടത്ര പ്രചാരണം നൽകാതെയും ടെൻഡർ നടത്തി ഇഷ്ടക്കാർക്ക് ലഭിക്കാൻ വഴിയൊരുക്കിയെന്നാണ് പരാതിയിൽ പറയുന്നത്. കേരളത്തിന്റെ മനോഹരമായ ജലാശയങ്ങൾ സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭം ലഭിക്കാൻ പാകത്തിന് വിട്ടുനൽകി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. അതേസമയം തീരുമാനം സ്വാഗതം ചെയ്യുന്നതായി വിഷയത്തിൽ റോഷി അഗസ്റ്റിൻ പ്രതികരിച്ചു. പരാതി അന്വേഷിക്കുകയെന്നത് സ്വാഭാവിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.