തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയായെന്ന് വിലയിരുത്തിയ ‘പോറ്റിയേ കേറ്റിയേ...’ പാരഡി ഗാനത്തിന്റെ അണിയറ പ്രവർത്തകരെ പ്രതിചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സൈബർ പൊലീസ് കേസെടുത്തെങ്കിലും തൽക്കാലം നടപടി കടുപ്പിക്കേണ്ടെന്ന് തീരുമാനം. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ മാത്രം പൂര്‍ത്തീകരിച്ചാൽ മതിയെന്നാണ് നിർദേശം. പ്രതി ചേർക്കപ്പെട്ടവരുടെ അറസ്റ്റ് ഉൾപ്പെടെ തൽക്കാലമില്ല. കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
പാട്ടിനെതിരെ പരാതി നൽകിയ തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാലയുടെ മൊഴി ശനിയാഴ്ചയെടുക്കും. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന പാട്ട് തയാറാക്കിയവർക്കെതിരെയും ഉപയോഗിച്ചവർക്കെതിരെയും നടപടി വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് ബുധനാഴ്ച രാത്രി ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരെ പ്രതിചേർത്ത് തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. അതേസമയം, കേസില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് മെറ്റക്ക് കത്തയച്ച് പൊലീസ്.
ഗാനത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. തുടർന്നാണ് പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താൻ കത്തയച്ചത്. കേസെടുത്തതിന് പിന്നാലെ വിഡിയോ കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു. ഗാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സൈബര്‍ ഓപറേഷന്‍സ് എസ്.പി അങ്കിത് അശോകിനാണ് അന്വേഷണ ചുമതല. ഗാനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.