തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ: വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നതിനിടെ മുണ്ടത്തിക്കോട്ടുണ്ടായ ദാരുണമായ അപകടത്തെത്തുടർന്ന് ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ അധികൃതർ തീരുമാനിച്ചു. പൂരപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന പ്രധാന ആകർഷണമായ വെടിക്കെട്ടും കുടമാറ്റത്തിന്റെ വർണപ്പൊലിമയും ഇത്തവണ ഉണ്ടാവില്ല. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ ധാരണയായത്.വെടിക്കെട്ടിന് പകരം പ്രതീകാത്മകമായി കതിനകൾ മാത്രമാകും പൊട്ടിക്കുക. ഉപചാരം ചൊല്ലിപ്പിരിയുന്നതിന് മുന്നോടിയായുള്ള പകൽ വെടിക്കെട്ടും ഒഴിവാക്കി.

പൂരത്തിന്റെ വിശ്വപ്രസിദ്ധമായ കുടമാറ്റം 15 മിനിറ്റായി ചുരുക്കും.  പത്തിൽ താഴെ കുടകൾ മാത്രമേ ഉപയോഗിക്കൂ. വർണക്കുടകളുടെ മത്സരം ഒഴിവാക്കി ആചാരപരമായ ചടങ്ങ് മാത്രമായി ഇത് നടത്തും. അതേസമയം, പൂരത്തിന്റെ പ്രൗഢി നിലനിർത്തുന്നതിനായി ഇരുവിഭാഗത്തുമായി 15 വീതം ആനകളെ അണിനിരത്തും. മേളത്തിന് മാറ്റമുണ്ടാകില്ലെങ്കിലും ആഘോഷങ്ങളിലെ ആർഭാടം കുറക്കും.ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകളും ചടങ്ങുകളും പതിവുപോലെ നടക്കും.

തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്ടെ നിർമാണശാലയിലുണ്ടായ സ്ഫോടനം നഗരത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്. 14 പേർ മരിച്ചതിന് പുറമെ ഗുരുതരമായി പൊള്ളലേറ്റ ചിലർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഈയൊരു സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് തൃശൂർ.



Tags:    
News Summary - Decision to hold Thrissur Pooram without fireworks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.