വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ; ‘ആഗോളതലത്തിലെ മാറ്റങ്ങൾ എല്ലാവർക്കുമറിയാം...’

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കണമെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്ന് ആർ.എസ്.പി (ബി) നേതാവും മന്ത്രിയുമായ ഷിബു ബേബി ജോൺ. നിലവിലെ വിവാദങ്ങൾ അനാവശ്യമാണെന്നും കേരളത്തിന് പുറത്ത് എന്ത് നടക്കുന്നു എന്നതുകൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ നികുതി നിരക്കിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിലും യുഡിഎഫ് മുന്നണിലും അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതിനിടെയാണ് മന്ത്രിയുടെ പിന്തുണ.

‘വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുന്നത് തന്നെ ആകണം നയം എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. ഇനി പാർട്ടിയുമായി ബാക്കി ആലോചിക്കും. ആഗോളതലത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എല്ലാവർക്കും അറിയാം. പക്ഷേ അത് പുറത്തു പറഞ്ഞുകൂടാ എന്നുള്ള ഒരു ഹിപ്പോക്രസി നമുക്ക് കേരളത്തിന് ഗുണകരമല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഉമ്മൻചാണ്ടിയുടെ കാലഘട്ടത്തിൽ മദ്യമായിരുന്നു സാമൂഹ്യ വിപത്തെങ്കിൽ, ഇന്ന് മയക്കുമരുന്നിലേക്ക് പോയിരിക്കുകയാണ്. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അതാണ്.

അതിന്റെ പ്രാധാന്യം കുറച്ചു കാണുന്ന നിലയിലേക്ക് പോകരുത്. മദ്യം തീർച്ചയായിട്ടും സാമൂഹിക വിപത്ത് തന്നെ. പക്ഷേ, ലോകമെമ്പാടും നീങ്ങുന്നത് പോലെ നമുക്ക് ഈ കാര്യങ്ങളിൽ വ്യത്യസ്തമായ കാഴ്ചപ്പാട് ഉണ്ടാകണം. അല്ലെങ്കിൽ കേരളത്തിന്റെ അതിർത്തി വിട്ടാൽ എന്തൊക്കെയാണെന്ന് കൂടി മനസ്സിലാക്കികൊണ്ട് നമുക്ക് ഈ ഹിപ്പോക്രസി ഉപേക്ഷിക്കണം. പ്രായോഗികമായ തലത്തിലേക്കുള്ള തീരുമാനങ്ങൾ എടുക്കണം. മദ്യനയം ഇതുവരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞത് പുതിയ മദ്യനയമല്ല. അത് തീരുമാനിക്കുന്നത് യു.ഡി.എഫ് ആണ്’ -ഷിബു ബേബിജോൺ പറഞ്ഞു. 

Tags:    
News Summary - Minister Shibu Baby John says to promote low-alcohol liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.