പി.എസ്.സി നിയമനം അനന്തമായി വൈകിപ്പിച്ച് 43 സർക്കാർ സ്ഥാപനങ്ങൾ

മലപ്പുറം: നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയിട്ടും സ്ഥിരം നിയമനത്തിന് തടസ്സംനിന്ന് 43 സ്ഥാപനങ്ങൾ. സർക്കാർ വകുപ്പുകൾക്ക് കീഴിലെ പൊതുമേഖല സ്ഥാപനങ്ങളും ക്ഷേമനിധി ബോർഡുകളുമാണ് പി.എസ്.സി നിയമനം അനന്തമായി വൈകിപ്പിക്കുന്നത്. നിയമനാധികാരം പി.എസ്.സിക്ക് വിടുന്നതിന് മുന്നോടിയായി പൂർത്തിയാക്കേണ്ട സ്പെഷൽ റൂൾ രൂപവത്കരണം വൈകിപ്പിച്ചാണ് ഈ സ്ഥാപനങ്ങൾ നിയമനം തടസ്സപ്പെടുത്തുന്നത്.

ഓരോ വകുപ്പിലെയും വിവിധ തസ്തികകളിലേക്കുള്ള നിയമനം, യോഗ്യത എന്നിവ കൃത്യമായി നിർവചിക്കുന്ന ചട്ടങ്ങളാണ് സ്പെഷൽ റൂൾ. ഇത് തയാറാക്കി വിജ്ഞാപനം ചെയ്ത് പി.എസ്.സിക്ക് സമർപ്പിച്ചാൽ മാത്രമേ തസ്തിക സൃഷ്ടിച്ച് നിയമന നടപടി ആരംഭിക്കാൻ കഴിയൂ. സ്പെഷൽ റൂൾ രൂപവത്കരിക്കാത്തതിനാൽ പി.എസ്.സി നിയമനം നടക്കാത്ത പൊതുമേഖല സ്ഥാപനങ്ങൾ കൂടുതലും വ്യവസായ വകുപ്പിന് കീഴിലാണ്.

മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്, സിഡ്കോ, സീതാറാം ടെക്സ്റ്റൈൽസ്, ട്രാവൻകൂർ സിമന്റ്സ്, കേരള ക്ലേയ്‌സ് ആൻഡ് സെറാമിക്സ്, കേരള സ്റ്റേറ്റ് കശുവണ്ടി തൊഴിലാളി അപെക്സ് ഇൻഡസ്ട്രിയൽ കോഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്‌മെന്റ് കോർപറേഷൻ, കേരള സ്റ്റേറ്റ് കയർ കോർപറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോർപറേഷൻ, ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് കേരള സെറാമിക്സ് ലിമിറ്റഡ്, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിങ് ലിമിറ്റഡ്, കേരള അഗ്രോ മെഷിനറി കോർപറേഷൻ എന്നിവയാണ് വ്യവസായ വകുപ്പിന് കീഴിലുള്ള പി.എസ്.സി നിയമനത്തിന് നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങൾ.

കേരള സ്റ്റേറ്റ് കോഓപറേറ്റീവ് ടെക്‌സ്റ്റൈൽ ഫെഡറേഷൻ, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ, കേരള സ്‌കൂൾ ടീച്ചേഴ്‌സ് ആൻഡ് നോൺ ടീച്ചിങ് സ്റ്റാഫ് വെൽഫെയർ കോർപറേഷൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ്, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിൽഡ്രൻസ് ലിറ്ററേച്ചർ തുടങ്ങിയ സ്ഥാപനങ്ങളിലും ഇക്കാരണത്താൽ പി.എസ്.സി നിയമനമില്ല.

സ്പെഷൻ റൂൾ രൂപവത്കരണം പൂർത്തിയാക്കാത്തതിനാൽ ഏതാനും ക്ഷേമനിധി ബോർഡുകളിലും പി.എസ്.സി നിയമനം തടസ്സപ്പെട്ടുകിടക്കുകയാണ്. ഇവയിൽ മിക്കതിലും താൽക്കാലിക നിയമനങ്ങളാണ് നടക്കുന്നത്. 2016-17ന് ശേഷം 18 സ്ഥാപനങ്ങൾ മാത്രമാണ് പി.എസ്.സി നിയമനത്തിന് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് സർക്കാർ പറയുന്നു. 

Tags:    
News Summary - 43 government institutions indefinitely delay PSC recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.